ഭാരതീയ ചിന്താധാരകളെ ആഗോള പ്രശസ്തിയുടെ നെറുകയിലെത്തിച്ച യുഗപ്രഭാവനായ പരിവ്രാജകനായിരുന്നു സ്വാമി വിവേകാനന്ദൻ. ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ആ മഹാമനീഷിയുടെ ജന്മദിനം ഒരു കലണ്ടർ തിയതിക്കപ്പുറം കർമ്മോത്സുകതയുടെയും ആത്മവീര്യത്തിന്റെയും ഉജ്ജ്വല സ്മരണയാണ്.
വിവേകാനന്ദ ദർശനങ്ങൾ കേവലം മതപരമായ ഉപദേശങ്ങളല്ല; മറിച്ച് മനുഷ്യത്വത്തിന്റെ മഹത്വത്തെയും യുവത്വത്തിന്റെ കരുത്തിനെയും കുറിച്ചുള്ള വിളംബരങ്ങളാണ്. ഭാരതീയ ദർശനങ്ങളുടെ അന്തഃസത്തയെ ആധുനികതയുടെ യുക്തിയുമായി സമന്വയിപ്പിച്ച യുഗപുരുഷനായിരുന്നു സ്വാമി വിവേകാനന്ദൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ അടിമത്തത്തിന്റെ അന്ധകാരത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടുഴറിയ ഒരു ജനതയെ സ്വത്വബോധത്തിന്റെ പ്രകാശത്തിലേക്ക് നയിക്കാൻ നിയോഗിക്കപ്പെട്ട വിവേകാനന്ദ ജ്വാല ഇന്നും കെടാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ യുവജനദിനമായി നാം ആഘോഷിക്കുമ്പോൾ അത് കേവലം ഒരു ചടങ്ങല്ല; മറിച്ച് രാഷ്ട്രപുനർനിർമ്മാണത്തിനായുള്ള പ്രതിജ്ഞ പുതുക്കലാണ്.
“എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യം കാണും വരെ ചുവടുവെക്കുക” എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഇന്നും ലോകമെമ്പാടുമുള്ള യുവാക്കളുടെ സിരകളിൽ ആവേശം നിറയ്ക്കുന്നു. ഭക്തിയെ കർമ്മവുമായി ബന്ധിപ്പിച്ചതാണ് വിവേകാനന്ദന്റെ ഏറ്റവും വലിയ പ്രത്യേകത. “ദരിദ്രനാരായണസേവ” എന്ന സങ്കല്പത്തിലൂടെ വിവേകാനന്ദൻ പഠിപ്പിച്ചത് ദരിദ്രനെ സേവിക്കുന്നതാണ് ഏറ്റവും വലിയ ഈശ്വരാരാധന എന്നാണ്. ആത്മീയതയെന്നത് കണ്ണടച്ചിരുന്നുള്ള ധ്യാനം മാത്രമല്ല, മറിച്ച് അശരണരുടെ കണ്ണീരൊപ്പുന്ന കർമ്മപദ്ധതി കൂടിയാണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. ഭാരതം വീണ്ടും ‘വിശ്വഗുരു’ എന്ന പദവിയിലേക്ക് ഉയരണമെങ്കിൽ ആത്മീയമായ ഔന്നത്യവും ഭൗതികമായ പുരോഗതിയും ഒന്നുപോലെ സമ്മേളിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു.
1893-ലെ ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ സ്വാമിജി നടത്തിയ പ്രസംഗം ഭാരതത്തിന്റെ ആത്മീയ ഔന്നത്യത്തെ ലോകവേദിയിൽ പ്രതിഷ്ഠിച്ച ഒന്നായിരുന്നു. “അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ” എന്ന ആ സംബോധനയിൽ അടങ്ങിയിരുന്നത് കേവലം ഒരു അഭിവാദ്യമായിരുന്നില്ല, മറിച്ച് സഹസ്രാബ്ദങ്ങളായി ഭാരതം മുറുകെപ്പിടിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ലോകവീക്ഷണമായിരുന്നു. മതപരമായ അസഹിഷ്ണുതയും സങ്കുചിത ചിന്തകളും ലോകത്തെ രക്തക്കളമാക്കുന്ന കാലത്ത് -എല്ലാ വിശ്വാസധാരകളും ഒരേ സത്യത്തിലേക്കുള്ള വിവിധ മാർഗ്ഗങ്ങളാണെന്ന വിവേകാനന്ദന്റെ സന്ദേശം മുമ്പത്തേക്കാളേറെ പ്രസക്തമാണ്. എല്ലാ നദികളും സമുദ്രത്തിൽ ചേരുന്നതുപോലെ സകല വിശ്വാസധാരകളും സത്യത്തിലേക്കുള്ള മാർഗ്ഗങ്ങളാണെന്ന് അദ്ദേഹം സമർത്ഥിച്ചു.
വിദ്യാഭ്യാസം എന്നത് വിവരങ്ങൾ ശേഖരിക്കലല്ല , മറിച്ച് സ്വഭാവരൂപീകരണമാണെന്ന് അദ്ദേഹം വിശ്വസിച്ചു. “മനുഷ്യനെ മനുഷ്യനാക്കുന്ന വിദ്യാഭ്യാസം” ആയിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെ കാഴ്ചപ്പാട് കേവലം തൊഴിലധിഷ്ഠിതമായിരുന്നില്ല. “മനുഷ്യനിലുള്ള പൂർണ്ണതയെ പുറത്തുകൊണ്ടുവരുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം” എന്ന് അദ്ദേഹം നിർവ്വചിച്ചു.
ആത്മവിശ്വാസമില്ലാത്ത ഒരു ജനതയ്ക്ക് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാനാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. അങ്ങനെയുള്ള ജനതയ്ക്ക് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭീരുത്വത്തെ ഏറ്റവും വലിയ പാപമായി കണ്ട അദ്ദേഹം കരുത്തുള്ള ശരീരവും ഉജ്ജ്വലമായ മനസ്സും യുവത്വത്തിന്റെ അനിവാര്യതയായി പ്രഖ്യാപിച്ചു.
ഒരു നല്ല സമൂഹത്തിന്റെ നിർമ്മിതിക്ക് ഇരുമ്പുപേശികളും ഉരുക്കു ഞരമ്പുകളും കൂർമ്മബുദ്ധിയുമുള്ള യുവതലമുറ അത്യാവശ്യമാണെന്ന് അദ്ദേഹം വാദിച്ചു.
കാലം മാറുമ്പോഴും മാറ്റമില്ലാതെ നിലനിൽക്കുന്നതാണ് വിവേകാനന്ദ ദർശനങ്ങൾ. അദ്ദേഹം പകർന്ന ആത്മവിശ്വാസം ഇന്നും നമ്മുടെ യുവതലമുറയ്ക്ക് വഴികാട്ടിയാണ്. സ്വയം വിശ്വസിക്കാനും അപരനെ സ്നേഹിക്കാനും കർമ്മപഥത്തിൽ തളരാതെ മുന്നേറാനും വിവേകാനന്ദൻ നമ്മെ പഠിപ്പിക്കുന്നു. അറിവിനെ വിവേകമായും, വിവേകത്തെ കരുണയായും മാറ്റുന്ന വിവേകാനന്ദ ദർശനം ലോകത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശമാണ്.
വർത്തമാനകാലത്തെ അശാന്തികൾക്കും അസമത്വങ്ങൾക്കും ഉള്ള പരിഹാരം വിവേകാനന്ദ ദർശനങ്ങളിലുണ്ട്. ഭാരതം ലോകത്തിന്റെ ആത്മീയ ഗുരുവായി മാറണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാക്ഷാത്കരിക്കണമെങ്കിൽ നാം വിവേകാനന്ദന്റെ വാക്കുകൾ വായിക്കുക മാത്രമല്ല അവ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുകയും വേണം. അറിവിനെ വിവേകമായും ചിന്തയെ കർമ്മമായും മാറ്റുന്ന ആ മഹാപ്രഭാവന്റെ സ്മരണകൾക്ക് മുന്നിൽ നമുക്ക് പ്രണാമമർപ്പിക്കാം.
അനീഷ് പുരവൂർ
