തിരുവനന്തപുരം:കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക് സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. അഞ്ചാം കേരള പഠന കോൺഗ്രസിൻ്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്നത്തെ കേരളം യാദൃശ്‌ചികമായി രൂപപ്പെട്ടതല്ലെന്നും ഒരുപാട് ത്യാഗങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമാണന്നും അദ്ദേഹം പറഞ്ഞു. ആ കേരളത്തെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഉത്തരവാദിത്തം. കൈവരിച്ച നേട്ടങ്ങൾ പിന്നോട്ട് കൊണ്ടുപോയാലും ഭരണ തുടർച്ച വേണ്ടെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നത്. നാട് നശിച്ചാലും കുഴപ്പമില്ല, വർഗീയതയും അഴിമതിയും നിറഞ്ഞ നാടായി കേരളം മാറണം എന്നാണോ അവർ പറയുന്നതെന്നും എം.എ. ബേബി ചോദിച്ചു.
ഭരണത്തുടർച്ച അപകടമാകുമോ എന്ന ആശങ്ക ചില സാംസ്‌കാരിക വ്യക്തികൾ ഉയർത്തുന്നുണ്ടെന്നും അവർ ഇടതുപക്ഷത്ത് നിൽക്കുമ്പോഴും ഭരണ തുടർച്ച ഉണ്ടാകരുതെന്നാണു വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം അതേ നിലയിൽ തുടരണമെന്നും എന്നാൽ ഭരണ തുടർച്ച വേണ്ടെന്നുമുള്ള നിലപാട് കേരളം തകരട്ടെ എന്നാഗ്രഹിക്കുന്നതല്ലാതെ മറ്റെന്താണെന്നും ബേബി ചോദിച്ചു. കേരളം കൈവരിച്ച
നേട്ടങ്ങളെ പിന്നോട്ട്
കൊണ്ടുപോകുന്ന ഇടപെടലുകളാണ് മുൻകാലങ്ങളിൽ ഉണ്ടായ ഭരണമാറ്റങ്ങൾ സൃഷ്‌ടിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വികസന പ്രവർത്തനങ്ങളിൽ ആരോഗ്യകരമായ വിമർശനങ്ങളോടൊപ്പം സഹകരണവും ആവശ്യമാണ്. തർക്കിക്കേണ്ടിടത്ത് തർക്കിക്കാമെങ്കിലും സഹകരിക്കേണ്ടിടത്ത് സഹകരിക്കണം. കേരളത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി യാഥാർഥ്യമാക്കുന്നതിൽ യുഡിഎഫ് ഭരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ അത്തരം സഹകരണത്തിനും വികസന വിഷയങ്ങളിൽ ചർച്ച നടത്താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറുണ്ടോയെന്നും എം.എ. ബേബി ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സത്യവിരുദ്ധമായ ആരോപണങ്ങളിൽനിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വളർത്തുന്നതിനായി നിലവിലെ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ബദലുകൾ സൃഷ്‌ടിക്കാൻ കഴിയണം. കേരളത്തിലെ മാധ്യമങ്ങളിൽ ഒരു വിഭാഗം നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയതായും അദ്ദേഹം ആരോപിച്ചു.
പഠന കോൺഗ്രസ്സിൽ രണ്ടുദിവസങ്ങളിലായി നടന്ന 44 സെക്ഷനുകളിലെ ചർച്ചകൾ ക്രോഡീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോക്ടർ ടി.എം. തോമസ് ഐസക് സംസാരിച്ചു. ജനകീയമായ ചർച്ചകളിലൂടെയാണ് ഇടതുപക്ഷം നയം രൂപീകരണം നടത്തുന്നത്. എന്നാൽ യുഡിഎഫിനോ എൻഡിഎക്കോ ഇതിന് മറുപടിയില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ, , പ്ലാനിംഗ് ബോർഡ് അംഗം രാംകുമാർ തുടങ്ങിയവർ സംസാരിച്ചു.
