പ്രശസ്ത സാഹിത്യകാരനായിരുന്ന എം രാജരാജവർമ്മ1871ചിങ്ങം 10-ാം തീയതി ഹരിപ്പാട്ടു അനന്തപുരത്തു കൊട്ടാരത്തിലെ രാജരാജവർമ്മ കോയിതമ്പുരാൻ്റെയും മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ മഹാപ്രഭത്തമ്പുരാട്ടിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂളിൽനിന്ന് മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ നിന്നും എഫ്.എ. യും തത്വശാസ്ത്രം ഐച്ഛികമായിയെടുത്തു 1891-ൽ ബി.എ യും പാസായി. തുടർന്ന് എം.എ ബിരുദംനേടി. തിരുവനന്തപുരം ലാക്കോളജിൽ നിന്ന് 1905-ൽ ഡിഗ്രി സമ്പാദിച്ചു.എം.എയും ബി.എൽ ഉം കരസ്ഥമാക്കുന്നതിനു മുമ്പ് തന്നെ രാജരാജവർമ്മ1896-ൽ തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പിൽ എഡ്യൂക്കേഷൻ സെക്രട്ടറിയായിരുന്ന ഡോ മിച്ചലിൻ്റെ കീഴിൽ അസിസ്റ്റൻ്റായും ഉദ്യോഗം ലഭിച്ചു. 1908-ൽ ഗവൺമെൻ്റ് അണ്ടർ സെക്രട്ടറിയായും 1920-ൽ പത്മനാഭപുരം ദിവാൻ പേഷ്കാരായും തുടർന്ന് കുറച്ച് നാൾ ചീഫ് സെക്രട്ടറിയുടെ ജോലി പകരം നോക്കുകയുണ്ടായി. 1922-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ദേവസ്വം കമ്മീഷണറായി നിയമിക്കപ്പെട്ടു. 1924 -ൽ ദേവസ്വം കമ്മീഷണർ സ്ഥാനത്തു നിന്നും സ്വമേധയാ വിരമിച്ചു.സാഹിത്യ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. എ.ആർ രാജരാജവർമ്മ തമ്പുരാൻ്റെയും കേരള വർമ്മവലിയകോയിതമ്പുരാൻ്റെയും സന്തത സഹവാസം നിമിത്തം എം.രാജരാജവർമ്മയും നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യ രസികനായിത്തിരുകയാണുണ്ടായത്. “ഭാഷാപോഷിണി “യിൽ ആയിരുന്നു. ലേഖനങ്ങൾ എഴുതി തുടങ്ങിയത്. ഗദ്യത്തിലും പദ്യത്തിലും സവ്യസാചിത്വം പൂണ്ട പ്രഗല്ഭ സാഹിത്യ പ്രണേതാവായിരുന്നു എം. രാജരാജവർമ്മ. “നവീന ശാസ്ത്ര പീഠിക”, “വിഹായസവിഹാരം “”, “നവീനശാസ്ത്രാഭ്യുദയം”, “മതവും ശാസ്ത്രവും ” , “സസ്യശാസ്ത്രം “, “ജീവജാലം ” , “അർത്ഥനിരൂപണം” , “അർത്ഥശാസ്ത്രപ്രവേശിക “, “സമുദായാചാരവിചാരം”, ഭൂവിജ്ഞാനീയം, “ഇംഗ്ലണ്ടിലെ രാജ്യഭരണ സമ്പ്രദായം “, “പ്രപഞ്ച വിജയം” ( ഇവയെല്ലാം സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ധനതത്വശാസ്ത്രം, ഭൂമിശാസ്ത്രം, അന്തരീക്ഷശാസ്ത്രം, രാജ്യതന്ത്രം മുതലായ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് ) , “ലോകാലോകം “( 4 വാല്യം), “ജപ്പാൻ ” “,ചീന, “ശ്രീ വഞ്ചിരാജ്യചരിത്രം “, “സാപ്തപദീന പാരമ്യം” സുയോധൻ, ഇന്ത്യയിലെമഹാന്മാർ, പ്രതിമാനാടകം (തർജ്ജമ നാടകം),തമ്പുരാൻ കൽപന (നാടകം), മാലതീ സുകുമാരം (നാടകം), പഞ്ചരാത്രം (തർജ്ജമ /നാടകം), പ്രിയ വിലാപം, ശ്രീമൂല രാജവിജയം, ഗരുഡസന്ദേശം,ഭക്തി സാമ്രാജ്യം, ഉപന്യാസ പഞ്ചകം (തർജ്ജമ), വൻകാര്യങ്ങളെപ്പറ്റി രണ്ടുവാക്ക്,.ഉപന്യാസാ രാമം,ശ്രീ മാർത്താണ്ഡമാഹാത്മ്യം, പദ്യമാലിക എന്നി കൃതികൾ അദ്ദേഹം കൈരളിക്കു സംഭാവന ചെയ്തു. സാഹിത്യ പരിഷത് സമ്മേളനങ്ങളിൽ നിരവധി തവണ അദ്ധ്യക്ഷനായിരുന്നു. ശ്രീവിശാഖം തിരുനാൾ മഹാരാജാവിൻ്റെ മൂത്ത മകൾ പാനപ്പിള്ളി ലക്ഷ്മി ഭഗവതി പിള്ളക്കൊച്ചമ്മയായിരുന്നു ഭാര്യ. മക്കൾ എ.എൻ .തമ്പി എം.എ, ബാർ. അറ്റ്ലാ ( മുൻ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടർ), എ.കേശവൻതമ്പി, എ. നീലകണ്ഠൻ തമ്പി, ഡോ. എ. രാമൻ തമ്പി, എ. സുകുമാരൻ തമ്പി എന്നിവർ ആൺമക്കളും, ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ മകൻ എൻ. ശ്രീനാരായണൻ തമ്പിയുടെ ഭാര്യ പാനപ്പിള്ള ഭഗവതി പിള്ള കൊച്ചമ്മ ,എറണാകുളത്ത് പ്രശസ്ത അഡ്വക്കേറ്റായിരുന്ന പാലിയത്ത് പി.കെ അച്ചൻ്റെ ഭാര്യ കല്യാണിപ്പിള്ള കൊച്ചമ്മ എന്നിവർ പെൺമക്കളുമാണ്. 1959 ജനുവരി 20-ാം തീയതി 88-ാമത്തെ വയസ്സിൽ എം. രാജരാജവർമ്മ അന്തരിച്ചു.
