തിരുവനന്തപുരം :2025 ലെ പൊതുതിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാർഡുകളിലേയ്ക്കാണ് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും മറ്റ് ജില്ലകളിൽ 11 നുമാണ് വോട്ടെടുപ്പ്.
ഒന്നാംഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാർഡുകളിലേയ്ക്കും, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാർഡുകളിലേയ്ക്കും, 7 ജില്ലാപഞ്ചായത്തുകളിലെ 164 വാർഡുകളിലേയ്ക്കും, 39 മുനിസിപ്പാലിറ്റികളിലെ 1371 വാർഡുകളിലേയ്ക്കും, 3 കോർപ്പറേഷനുകളിലെ 233 വാർഡുകളിലേയ്ക്കുമാണ് ഡിസംബർ 9 ന് വോട്ടെടുപ്പ് നടത്തുന്നത്. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകൾ.
രണ്ടാംഘട്ടത്തിൽ 470 ഗ്രാമപഞ്ചായത്തുകളിലെ 9027 വാർഡുകളിലേയ്ക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 വാർഡുകളിലേയ്ക്കും, 7 ജില്ലാപഞ്ചായത്തുകളിലെ 182 വാർഡുകളിലേയ്ക്കും, 47 മുനിസിപ്പാലിറ്റികളിലെ 1834 വാർഡുകളിലേയ്ക്കും 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേയ്ക്കുമാണ് ഡിസംബർ 11 ന് വോട്ടെടുപ്പ് നടത്തുന്നത്. ആകെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,408 വാർഡുകൾ.
എല്ലാ ജില്ലകളിലും വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 8 മണിക്ക് ആരംഭിക്കും. സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ. വോട്ടെണ്ണൽ ഫലം തത്സമയം ‘TREND’ സോഫ്റ്റ് വെയറിലൂടെ ലഭ്യമാക്കും.
സംസ്ഥാനത്താകെ 75,643 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും. ഒന്നാംഘട്ടത്തിൽ 27,141 പേർ ഗ്രാമപഞ്ചായത്തിലും 3,366 പേർ ബ്ലോക്ക് പഞ്ചായത്തിലും, 594 പേർ ജില്ലാപഞ്ചായത്തിലും 4,480 പേർ മുനിസിപ്പാലിറ്റിയിലും 1,049 പേർ കോർപ്പറേഷനിലുമാണ് മത്സരിക്കുന്നത്. ഒന്നാംഘട്ടത്തിൽ ആകെ 36,630 സ്ഥാനാർത്ഥികൾ.
രണ്ടാംഘട്ടത്തിൽ 28,288 പേർ ഗ്രാമപഞ്ചായത്തിലും 3,742 പേർ ബ്ലോക്ക് പഞ്ചായത്തിലും, 681 പേർ ജില്ലാപഞ്ചായത്തിലും, 5,551 പേർ മുനിസിപ്പാലിറ്റിയിലും, 751 പേർ കോർപ്പറേഷനിലുമാണ് മത്സരിക്കുന്നത്. രണ്ടാംഘട്ടത്തിൽ ആകെ 39,013 സ്ഥാനാർത്ഥികൾ. കണ്ണൂർ ജില്ലയിൽ 14, കാസർഗോഡ് 2 വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
1,199 തദ്ദേശസ്ഥാപനങ്ങളിലായി ആകെ 2,86,24,558 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 1,34,99,102 പുരുഷന്മാരും, 1,51,25,169 സ്ത്രീകളും, 287 ട്രാൻസ്ജെൻഡറുകളും ഇതിൽ ഉൾപ്പെടും. ഇവയ്ക്ക് പുറമെ, 3,749 പ്രവാസി വോട്ടർമാരുമുണ്ട്.
ഒന്നാംഘട്ടത്തിൽ ഏഴ് ജില്ലകളിലായി 62,51,219 പുരുഷന്മാരും, 70,32,444 സ്ത്രീകളും, 126 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ ആകെ 1,32,83,789 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പ്രവാസി വോട്ടർമാർ 456.
രണ്ടാംഘട്ടത്തിൽ വോട്ടർമാരുടെ എണ്ണം 1,53,40,769 ആണ്. 72,47,883 പുരുഷന്മാരും, 80,92,725 സ്ത്രീകളും, 161 ട്രാൻസ്ജെൻഡറുകളും. പ്രവാസി വോട്ടർമാർ 3,293.
വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെടുപ്പിന് മുൻപായി 6 മണിക്ക് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക്ക്പോൾ നടത്തും. മോക്ക്പോൾ ഫലം പരിശോധിച്ച് ഡിലീറ്റ് ചെയ്യും. തുടർന്നാണ് 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക.
വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. സംസ്ഥാനത്താകെ 33,711 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ 15,432 എണ്ണവും രണ്ടാംഘട്ടത്തിൽ 18,279 എണ്ണവുമാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമിക്കാനുള്ള സൗകര്യം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും, ക്യൂ ഇല്ലാതെ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക സൗകര്യമുണ്ടാകും.
വോട്ട് ചെയ്യുന്നതിനായി സമ്മതിദായകർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻകാർഡ്, ആറ് മാസത്തിന് മുൻപ് ദേശസാൽക്കൃതബാങ്കുകൾ നൽകിയിട്ടുള്ള ഫോട്ടോപതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർസ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പ്രവാസി വോട്ടർമാർക്ക് വോട്ട് ചെയ്യാനായി പോളിങ് സ്റ്റേഷനുകളിൽ നേരിട്ട് ഹാജരായി പാസ്പോർട്ടിന്റെ ഒറിജിനൽ വേണം കാണിക്കാൻ.
പോളിങിനായി സംസ്ഥാനത്ത് ആകെ 1,80,000 (ഒരു ലക്ഷത്തി എൺപതിനായിരം) ഉദ്യോഗസ്ഥരെയും 70,000 (എഴുപതിനായിരം) പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
ബാലറ്റ് പേപ്പറുകളുടെ അച്ചടി, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ കാൻഡിഡേറ്റ് സെറ്റിങ്, പോളിങിന് ആവശ്യമായ സാധനസാമഗ്രികൾ ഉൾക്കൊള്ളുന്ന കിറ്റ് എന്നിവ വിതരണകേന്ദ്രങ്ങളിൽ തയ്യാറായിക്കഴിഞ്ഞു.
ഒന്നാം ഘട്ടത്തിലെ പോളിങ് സാധനങ്ങളുടെ വിതരണം നാളെയും (ഡിസംബർ 8) രണ്ടാംഘട്ടത്തിലേത് ഡിസംബർ 10 നും അതത് വിതരണകേന്ദ്രങ്ങളിൽ വച്ച് രാവിലെ 9 മണിക്ക് ആരംഭിക്കും. പോളിങിനായി നിയോഗിച്ചിട്ടുള്ളവർ ബന്ധപ്പെട്ട വിതരണകേന്ദ്രങ്ങളിൽ 9 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്ത് സാധനങ്ങൾ കൈപ്പറ്റുും. തുടർന്ന് അവിടെ സജ്ജമാക്കിയിട്ടുള്ള വാഹനങ്ങളിൽ ഉച്ചയ്ക്ക് 12 ന് മുൻപ് തന്നെ പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചേരും.
ത്രിതലപഞ്ചായത്തുകൾക്കായുള്ള വിതരണകേന്ദ്രങ്ങൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും, നഗരസഭകൾക്ക് അതത് സ്ഥാപനതലത്തിലുമാണ് സജ്ജമാക്കിയിട്ടുള്ളത്. വോട്ടെണ്ണലിനും ഇതേ കേന്ദ്രങ്ങളാണ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പോളിങ് സാധനങ്ങളും ഇ.വി.എമ്മും വിതരണകേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള സ്ര്ടോംഗ് റൂമുകളിൽ സൂക്ഷിച്ച് പോലീസ് സുരക്ഷ ഏർപ്പെടുത്തും.
സമാധാനപരമായി വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നതിന് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും പോലീസ് സുരക്ഷയുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയും ഏർപ്പെടുത്തും. ക്രമസമാധാനപാലനത്തിന് വേണ്ട നടപടികൾ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്താകെ പ്രശ്നബാധിതബൂത്തുകളായി ജില്ലാ കളക്ടർമാർ കണ്ടെത്തിയ 2,535 ബൂത്തുകളിൽ വെബ്കാസ്റ്റിംഗിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ ചെലവിൽ ആവശ്യമായ ബൂത്തുകളിൽ വീഡിയോഗ്രാഫിയും അനുവദിക്കും.
ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പുള്ള ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് (07.12.2025) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. രണ്ടാംഘട്ടത്തിലേത് ഡിസംബർ 9 നാണ് അവസാനിക്കുക. പ്രചാരണത്തിന്റെ അവസാനം രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും നടത്തുന്ന കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിന് വേണ്ട മുൻകരുതലുകൾ പോലീസ് മുഖേന എടുത്തിട്ടുണ്ട്.
വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയ്ക്ക തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളിലേർപ്പെടുന്നവർക്കെതിരെ ജനപ്രാതിനിധ്യനിയമവും, കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളും പ്രകാരം കർശന നടപടി സ്വീകരിക്കും. മാതൃകാപെരുമാറ്റചട്ടലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിങ് ബൂത്തിൽ അതിക്രമം കാണിക്കുക, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കൈയ്യേറ്റം, തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
