പട്ടികജാതി സമൂഹത്തിന് പിണറായി സർക്കാർ നീതി നിഷേധിക്കുന്നു: കുമ്മനം രാജശേഖരൻ1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി സമൂഹത്തിന് പിണറായി വിജയൻ സർക്കാർനീതി നിഷേധിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. പട്ടികജാതിക്കാര്‍ക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്ന തുക മുഴുവന്‍ എന്തിന് വെട്ടിക്കുറച്ചു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ബി ജെ പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അവകാശ സംരക്ഷണ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യങ്കാളിയെപ്പോലെയും കണ്ടന്‍ കുമാരനെപ്പോലെയും കേരളത്തില്‍ സമഗ്ര സാമൂഹ്യ പരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത പട്ടികജാതി വിഭാഗത്തിലെ സഹോദരങ്ങള്‍ നീതി നിഷേധിക്കപ്പെട്ടവരായി കഴിയുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ ഈ സഹോദരങ്ങള്‍ എന്തുകൊണ്ട് സാമൂഹ്യനീതി നിഷേധിക്കപ്പെട്ടവരായി കഴിയേണ്ടി വന്നു എന്നത് ചിന്തിക്കണം. ചീഞ്ഞുനാറിയ ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ വിഴുപ്പ് ഭാണ്ഡവും പേറിനില്‍ക്കുന്ന ഭൂപരിഷ്ക്കരണ നിയമം എന്തുകൊണ്ട് പരിഷ്‌കരിക്കുന്നില്ല? കേരളത്തിലെ പട്ടികജാതി സഹോദരങ്ങള്‍ ആവശ്യപ്പെടുന്നത് ഒരു രണ്ടാം ഭൂപരിഷ്‌കരണ നിയമമാണ്. നിരവധി കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഇവിടെ വന്നിട്ടും, മനുഷ്യസ്‌നേഹികളെന്നും അധഃസ്ഥിത ജനവിഭാഗങ്ങളുടെ മുഴുവന്‍ പ്രയോക്താക്കളെന്നും അവകാശ സംരക്ഷകരെന്നും പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ പട്ടികജാതി ജനവിഭാഗത്തിന് വേണ്ടി എന്തു ചെയ്തു. മനുഷ്യാവകാശ ധ്വംസനമാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി മോര്‍ച്ച നടത്തുന്ന ഈ സമരം അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിയാണ്. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം.
കേന്ദ്രത്തില്‍ നിന്ന് ക്ഷേമപദ്ധതികള്‍ക്ക് നീക്കിവെക്കുന്ന കോടിക്കണക്കിന് രൂപ പട്ടികജാതി സൂഹത്തിന് നേരിട്ട് നൽകണം. സർക്കാർ എന്തിനാണ് കേന്ദ്ര ഫണ്ട് പിടിച്ചുവെക്കുന്നതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
കേരളത്തില്‍ പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന ഹോസ്റ്റലുകള്‍ കണ്ടാല്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണോയെന്ന് പോലും സംശയിച്ചു പോവും. എ പ്ലസ് വാങ്ങുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ കൊടുക്കുമെന്ന് പറഞ്ഞത്
കേരള മുഖ്യമന്ത്രിയാണ് . 25,000 വിദ്യാര്‍ത്ഥികള്‍ എ പ്ലസോടെ പാസ്സായെങ്കിലും അവര്‍ക്കാർക്കും സ്വര്‍ണ്ണ മെഡല്‍ കൊടുക്കുന്നില്ല. സംസ്ഥാന സർക്കാർ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തുകയാണ്. ശബരിമലയില്‍ നിന്ന് സ്വർണ്ണം മോഷ്ടിക്കുന്ന സർക്കാർ പട്ടികജാതി സഹോദരങ്ങളുടെ സ്വര്‍ണ്ണവും കവരുകയാണ്.
കേന്ദ്ര ഗവണ്‍മെന്റ് പല പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ആ പദ്ധതികള്‍ എന്താ കേരളത്തില്‍ നടപ്പിലാക്കാത്തത്? കേരളത്തില്‍ പട്ടികജാതി സഹോദരങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തിൽ നിന്ന് വാങ്ങിയ കോടിക്കണക്കിന് രൂപ മുഴുവന്‍ സംസ്ഥാന സർക്കാർ ലാപ്‌സാക്കിക്കളഞ്ഞതായും കുമ്മനം പറഞ്ഞു.
എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ച സെക്രട്ടേറിയേറ്റ് ധർണ്ണയിൽ ബി.ജെ.പി സംസ്ഥാന വൈ: പ്രസിഡന്റ് അഡ്വ.പി. സുധീർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ,ബി.ജെ.പി ദേശീയ സമിതി അംഗം പി.എം.വേലായുധൻ,ബി.ജെ.പി തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡന്റ് മുക്കം പാലോട് ബിജു,എസ്.സി. മോർച്ച സംസ്ഥാനജന: സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, വി.സി. ബിനീഷ്, ബബുൽ ദേവ്, എസ്.സി. മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് അനീഷ് കരിക്കകം,എസ്.സി. മോർച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത് എന്നിവർ സംസാരിച്ചു.

Leave a Reply