സർക്കാരും ദേവസ്വം ബോർഡും നടത്താൻ പോകുന്നത് വ്യവസായ സംഗമം: കുമ്മനം രാജശേഖരൻ1 min read

തിരുവനന്തപുരം : ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും നടത്താൻ പോകുന്നത് അയ്യപ്പ ഭക്ത സംഗമം അല്ല വ്യവസായ സംഗമമാണെന്ന്ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ.

അയ്യപ്പ സംഗമത്തിന്റെ തീരുമാനമെടുക്കുന്നത് സെക്രട്ടറിയേറ്റിലെ ദേവസ്വം മന്ത്രിയുടെ ഓഫീസ് റൂമിലാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിനെ വിളിച്ചുവരുത്തി സർക്കാർ ഏകപക്ഷീയമായി സമ്മേളനത്തിന്റെ കാര്യം അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയാണ് സമ്മേളനത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരിപാടി തുടങ്ങിവച്ചത് സർക്കാരാണ്. മതേതര സർക്കാരിന് ധാർമികമായി ഇത്തരം സമ്മേളനം സംഘടിപ്പിക്കാനുള്ള അവകാശമില്ല. ശബരിമല ക്ഷേത്രം സർക്കാരിന്റെതല്ല. 1949ലെ ഒരു കവനന്റ് പ്രകാരം രാജഭരണത്തിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ സ്വതന്ത്ര പരമാധികാര സ്ഥാപനമായ ദേവസ്വം ബോർഡിനാണ് വിട്ടുകൊടുത്തത്. അതിനുവേണ്ടി പ്രത്യേക ആക്ടും രൂപീകരിച്ചു. അത് പ്രകാരം ദേവസ്വം ബോർഡ് സ്വതന്ത്ര പരമാധികാര ധർമ്മസ്ഥാപനമാണ്. അതിൽ ബാഹ്യ ശക്തികൾക്ക് ആർക്കും ഒരു പങ്കുമില്ല, ഒരു ഇടപെടലും പാടില്ല. ഈ പരിപാടി സർക്കാരിന്റേതായതുകൊണ്ടാണ് ദേവസ്വം മന്ത്രി തമിഴ്നാട്ടിൽ പോയി മുഖ്യമന്ത്രിയെ വിളിച്ചത്. സർക്കാരിന്റെ എംബ്ലം പതിച്ച കത്തുകളാണ് വ്യവസായികൾക്ക് ഉൾപ്പെടെ നൽകിയത്. അതുകൊണ്ടുതന്നെ സർക്കാരിന് പങ്കില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞാലും സർക്കാരിന്റെ പങ്ക് വ്യക്തമാണ്. ദേവസ്വം ബോർഡ് പ്രാധാന്യം നൽകേണ്ടത് ഭക്തർക്കാണ്. ദേവസ്വം ബോർഡ് വിശ്വാസങ്ങളെ മാനിക്കുന്നുണ്ടെങ്കിൽ ഇത്തരം സമ്മേളനങ്ങൾ നടത്താൻ ആലോചിക്കേണ്ടത് ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടവരോടാണ്. പന്തളം കൊട്ടാരം, തന്ത്രി, മലയരയ സമൂഹം, ആലങ്ങാട്ട്, അമ്പലപ്പുഴ പേട്ടസംഘം, ചീരപ്പൻചിറ കളരി എന്നിങ്ങനെ അയ്യപ്പന്മാരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആളുകളുമായി കൂടിയാലോചിച്ചുവേണം ഇത്തരം സമ്മേളനങ്ങൾ വിളിച്ചു ചേർക്കാൻ. വിശ്വാസം സംരക്ഷിക്കേണ്ട ദേവസ്വം ബോർഡ് അത് ചെയ്യാതെ ഈ സമ്മേളനം നടത്താനായി സർക്കാരിനെ കയറൂറി വിട്ടു. പ്രതിഷേധമുയർന്നപ്പോൾ മാത്രമാണ് ദേവസ്വം ബോർഡ് പരിപാടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്തിനാണ് ദേവസ്വം ബോർഡ് ശബരിമല എത്തുന്ന ഭക്തരെ പണമുള്ളവരും പണമില്ലാത്തവരും എന്ന രീതിയിൽ രണ്ട് തട്ടിൽ ആക്കാൻ ശ്രമിക്കുന്നത്? സമഭാവനയുടെ കേന്ദ്രമാണ് ശബരിമല. ശബരിമല ധർമ്മശാസ്താവിന്റെ ഇടമാണ്. അവിടെ ധർമ്മത്തിനാണ് പ്രാധാന്യം. തീർത്ഥാടകർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കണം, കിടക്കാൻ ഇടം ലഭിക്കണം. ഇതൊക്കെ ദേവപ്രശ്നത്തിൽ വ്യക്തമായ കാര്യങ്ങളാണ്. ഇതിനൊന്നും പ്രാധാന്യം നൽകാതെ പണം മാത്രം ലക്ഷ്യമിട്ട് വൻകിട വ്യവസായികളെ കൊണ്ടുവന്ന ഇത്തരത്തിൽ ഒരു സംഗമം സംഘടിപ്പിക്കുന്നത് കച്ചവട താൽപര്യം മാത്രമാണ്.

പണം നൽകുന്നതനുസരിച്ച് ശബരിമലയിൽ സൗകര്യങ്ങൾ കൂടുതൽ നൽകുന്ന പ്രഖ്യാപനം തീർത്ഥാടകരെ ഭിന്നിപ്പിക്കുന്നതാണ്. പണം നൽകാൻ കഴിവുള്ള ആളുകൾ കൂട്ടത്തോടെ വന്നാൽ സാധാരണക്കാർ എങ്ങനെ ദർശനം നടത്തുമെന്ന് ദേവസ്വം ബോർഡ് മറുപടി പറയണം. ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ മണിക്കൂറോളം ക്യൂവിൽ നിന്ന് തളരുന്ന ഭക്തരെ കാണാൻ ദേവസ്വം ബോർഡിന് കഴിയുന്നില്ല. ശബരിമലയിലെ സാധാരണക്കാരായ തീർത്ഥാടകർക്ക് വേണ്ട യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളെപ്പറ്റിയും ദേവസ്വം ബോർഡ് ചിന്തിക്കുന്നില്ല. പകരം പണത്തെപ്പറ്റി മാത്രം ചിന്തിച്ച് നിക്ഷേപക സംഗമം നടത്തുന്നു.

ഈ സംഗമം കൊണ്ട് ഭക്തർക്ക് യാതൊരുവിധ ഉപകാരവും ഇല്ല. ശബരിമലയെ സംബന്ധിച്ച് ഭക്തരുടെ വിശ്വാസങ്ങൾ ഹനിക്കപ്പെട്ട ദുരനുഭവം മുൻപുണ്ട്. അതിന് ഇരയായ ഭക്തരുടെ ആവലാതി കേൾക്കാൻ സർക്കാരും ദേവസ്വം ബോർഡ് തയ്യാറാവണം. അതിന് പരിഹാരം ഉണ്ടാവണം. അതിനുശേഷം വേണം അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കാൻ. അയ്യപ്പ സംഗമം ആർ സംഘടിപ്പിച്ചാലും നല്ലതാണ്, പക്ഷേ ഇപ്പോൾ പമ്പയിൽ നടക്കുന്നത് യഥാർത്ഥ ഭക്തസംഗമമല്ല. അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. നിയമപരമായി സർക്കാരിനും ദേവസ്വം ബോർഡിനും സമ്മേളനം നടത്താൻ ധാർമികമായ അവകാശം ഉണ്ടോ എന്ന് ചിന്തിക്കണം.

അയ്യപ്പന്മാരുടെ സമ്മേളനം നടത്തുമ്പോൾ അത് വിശ്വാസികളുടെ സമ്മേളനം ആയിരിക്കണം. ശബരിമലയിൽ വിശ്വാസികളുടെ ആചാരങ്ങൾ ഹനിക്കപ്പെട്ടു, അതിന് പരിഹാരം ഉണ്ടാകണം. പമ്പയിൽ ഭക്തർക്ക് നടത്തേണ്ട പമ്പാസ്നാനവും പമ്പസദ്യയും ഉൾപ്പെടെ പലതും തടഞ്ഞിട്ടാണ് ഇപ്പോൾ പമ്പയിൽ സമ്മേളനം നടത്തുന്നത്. സർക്കാർ പറയുന്നതനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ബോർഡാണ് ഇത്.

വികസനത്തിനാണ് സമ്മേളനം എങ്കിൽ ശബരിമലയിൽ വികസനത്തിന്റെ രൂപരേഖ പതിനഞ്ചു വർഷം മുമ്പേ തയ്യാറാക്കി കോടതിയുടെ അംഗീകാരവും ലഭിച്ചിട്ടും ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥ മൂലം മുടങ്ങി കിടക്കുകയാണ്. 65 ലക്ഷം മുടക്കി എക്കോ സ്മാർട്ട് എന്ന വലിയ കമ്പനിയെ കൊണ്ടുവന്ന് നടത്തിയ പഠന റിപ്പോർട്ടും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മുൻപിൽ ഉണ്ട്. ഇതൊക്കെ നടപ്പിലാക്കിയാൽ മാത്രം മതി അയ്യപ്പ ഭക്തർക്ക് ആശ്വാസം ലഭിക്കാൻ. ശബരിമലയിൽ ഫണ്ടാണ് പ്രശ്നമെങ്കിൽ അതിനും നിയമ സംവിധാനങ്ങൾ അനുശാസിക്കുന്ന കമ്മിറ്റികൾ നിലവിലുണ്ട്. അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയാൽ മാത്രം മതി. അതൊന്നും ചെയ്യാതെ വ്യവസായ സംഗമം നടത്താനാണ് ശ്രമം. ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത് ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തിന്റെ കാര്യം മാത്രമാണ്. സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ കാര്യത്തിൽ ഇതുവരെ ഒരു കാര്യവും സർക്കാർ വ്യക്തമാക്കിയിട്ടില്ല. ശബരിമല യുവതി പ്രവേശനത്തിന്റെ കാര്യത്തിലും സുപ്രീംകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിന്റെ കാര്യത്തിലും നിലപാട് വ്യക്തമാക്കാൻ സർക്കാരിന് ഇതൊരു അവസരമാണ്. അതുകൊണ്ടുതന്നെ സർക്കാർ ആ കാര്യത്തിൽ വ്യക്തത വരുത്തണം. ആചാരങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ഭക്തർ ചെയ്തത് തെറ്റാണെന്നാണ് സർക്കാർ നിലപാട് എങ്കിൽ അത് തെറ്റാണെന്ന് പറയാനുള്ള ധൈര്യം സർക്കാർ കാണിക്കണം. അതല്ല, ബിന്ദു അമ്മിണിയെയും രഹന ഫാത്തിമയെയും സന്നിധാനത്തേക്ക് എത്തിക്കാൻ നടത്തിയ ശ്രമങ്ങളാണ് ശരിയെങ്കിൽ അതും സർക്കാർ തുറന്നു പറയണം. ഇനിയും ആചാരങ്ങൾ ലംഘിക്കാൻ യുവതികൾ എത്തിയാൽ സംരക്ഷണം നൽകുമോ? ഇക്കാര്യത്തിൽ എല്ലാം സർക്കാർ വ്യക്തത വരുത്തണം. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ആരു രംഗത്തുവന്നാലും അവർക്ക് രാഷ്ട്രീയം നോക്കാതെ ബി.ജെ.പി പിന്തുണ നൽകും. സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാത്രമാണ്.

ശബരിമലയിലെ തീർത്ഥാടകർക്ക് അധിക ചാർജാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ശബരി റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുത്താൽ പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. പമ്പയിൽ തീർത്ഥാടകർക്ക് വിരിവെക്കാൻ പോലും സംവിധാനങ്ങളില്ല. അങ്ങനെ തീർത്ഥാടകരുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉള്ളപ്പോൾ, അതൊന്നും പരിഹരിക്കാതെ ഇതിനെപ്പറ്റി ഒന്നും നാളിതുവരെ മിണ്ടാതിരുന്ന് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ശബരിമലയിൽ ഒരു പ്രശ്നവും പരിഹരിക്കാതെ സമ്മേളനത്തിന് ഇറങ്ങിത്തിരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാത്രമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *