സെപ്റ്റംബര്‍ നാലുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല1 min read

25/8/23

തിരുവനന്തപുരം :സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്.

വൈദ്യുതി പുറത്തുനിന്നും വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. അടുത്ത അവലോകനയോഗം സെപ്റ്റംബര്‍ നാലിനാണ് ചേരുക. അന്നാണ് കെഎസ്‌ഇബിയുടെ ഹ്രസ്വകാല കരാറിനുള്ള ടെണ്ടര്‍ തുറക്കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കും. സിപിഎം എടുത്ത രാഷ്ട്രീയതീരുമാന പ്രകാരമാണിത്. പകരം ബദല്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാൻ മുഖ്യമന്ത്രി കെഎസ്‌ഇബിക്ക് നിര്‍ദ്ദേശം നല്‍കി

വൈദ്യുതിക്ക് സര്‍ ചാര്‍ജ് അടുത്ത മാസവും ഈടാക്കും. യൂണിറ്റിന് 19 പൈസ സര്‍ ചാര്‍ജാണ് ഈടാക്കുക. കെഎസ്‌ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബര്‍ വരെ നിശ്ചയിച്ച ഒമ്ബത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വര്‍ധനവടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്.

ഉപഭോക്താക്കള്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്ന് കെഎസ്‌ഇബി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 വരെ നിയന്ത്രണം ഒഴിവാക്കുന്നതിനായി അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കള്‍ തയ്യാറാകണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു.

Leave a Reply