കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ (1858-1926) ഇന്ന് 99-ാം സ്മൃതിദിനം .’… സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

പണ്ഡിതനും കവിയും ഭാഷാസ്നേഹിയും ആയിരുന്ന കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണിത്തമ്പുരാൻ കൊല്ലവർഷം 10 33 (1858) മീനം 17-ന് കൊടുങ്ങല്ലൂർ കോവിലകത്തു ജനിച്ചു.അദ്ദേഹത്തിൻ്റെ സാംസ്കാരികനാമംരാമവർമ്മ എന്നായിരുന്നു. അങ്കമാലിക്കടുത്ത പൂരാടത്തില്ലത്തെ ശങ്കരൻ നമ്പൂതിരിയായിരുന്നു പിതാവ്. മാതാവ് ഇക്കാവമ്മ തമ്പുരാട്ടിയും. കുല ഗുരുവായ വിളപ്പിൽ ഉണ്ണിയാശാൻ എഴുത്തിനിരുത്തി. അമരകോശം, സിദ്ധരൂപം, ജ്യോതിശാസ്ത്രത്തിലെ ബാലപാഠങ്ങൾ എന്നിവ ആശാൻ പഠിപ്പിച്ചു.അമ്മാവനായ ഗോദവർമ്മത്തമ്പുരാൻ, കുംഭകോണം കൃഷ്ണ ശാസ്ത്രി എന്നിവരിൽ നിന്ന് കാവ്യങ്ങൾ, വ്യാകരണം മുതലായവ അഭ്യസിച്ചു. വൈദ്യശാസ്ത്രം ഗ്രഹിച്ചത് തൈക്കാട്ടു മൂസ്സതിൻ്റെ അടുക്കൽ നിന്നായിരുന്നു. നാട്യത്തിൽ പരിജ്ഞാനം നേടിയ കൊച്ചുണ്ണിത്തമ്പുരാന് കഥകളിയിൽ വേഷം കെട്ടി ആടാനും കഴിയുമായിരുന്നു. തർക്കം, വ്യാകരണം, അലങ്കാരം മുതലായ ശാസ്ത്രങ്ങളിൽ അദ്ദേഹം ആർജ്ജിച്ച നൈപുണ്യം അസൂയാവഹമായിരുന്നു. നിസ്തുലമായ ഓർമ്മശക്തിയാലും വിസ്മയനീയമായ ധാരണാബലത്താലും തമ്പുരാൻ അനുഗൃഹീതനായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ കൊച്ചുണ്ണിത്തമ്പുരാൻ കവിതയെഴുത്തു തുടങ്ങി. ആദ്യം സംസ്കൃതത്തിലായിരുന്നു രചന. വെണ്മണി നമ്പൂതിരിപ്പാടന്മാരുടെയും മറ്റും സമ്പർക്കം മൂലം മലയാളത്തിലും കവിതാ നിർമ്മാണം ആരംഭിച്ചു. വിടരാജവിജയംഭാണം, അനംഗജീവനംഭാണം, വിദ്വൽ യുവരാജചരിതം ചമ്പു, ബാണയുദ്ധചമ്പു, രാമചരിതപുരാണം കാവ്യം, ഉത്തരരാമചരിതം കാവ്യം, രാമവർമ്മ കാവ്യം, വിപ്ര സന്ദേശം ( സന്ദേശകാവ്യം),ദേവീ മാഹാത്മ്യം (സ്തോത്രം ), ശിവാഖ്യ (സ്തോത്രം), സൂര്യോദയം, അന്യാപദേശം, ശ്രീരാമപട്ടാഭിഷേകം (നാടകം) എന്നിവ സംസ്കൃതത്തിൽ അദ്ദേഹം രചിച്ച കൃതികളാണ്…. പാണ്ഡവോദയം, വഞ്ചീശവംശം, ഗോശ്രീശാഭിത്യചരിതം, സാവിത്രീ മാഹാത്മ്യം എന്നിവ അദ്ദേഹം മലയാളത്തിൽ രചിച്ച മഹാകാവ്യങ്ങളാണ്.1921-ൽ കൊച്ചി മഹാരാജാവ് അദ്ദേഹത്തിന് ” കവി സാർവ്വഭൗമ “പ്പട്ടം സമ്മാനിച്ചു.കൊല്ലവർഷം 1101 (1926) കർക്കടകം 11 നു ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ കാല ധർമ്മംപ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *