ഭാരതത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇരുപതാം നൂറ്റാണ്ട് വലിയ പരിവർത്തനങ്ങളുടേതായിരുന്നു. വിദേശാധിപത്യത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്ന് മോചിതമാകാൻ രാജ്യം വെമ്പുന്ന കാലം. ആ കാലഘട്ടത്തിൽ ഭാരതത്തിന്റെ അടിമത്തത്തിന് കാരണം വെറും സൈനികശക്തിയുടെ കുറവല്ല മറിച്ച് സ്വത്വബോധമില്ലായ്മയും ഐക്യമില്ലായ്മയുമാണെന്ന് തിരിച്ചറിഞ്ഞ ഒരു വൈദ്യശാസ്ത്ര ബിരുദധാരിയുണ്ടായിരുന്നു— ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാർ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതം കൈവരിച്ച ആത്മവിശ്വാസത്തിന്റെയും സംഘടിത ശക്തിയുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുകയും ചിതറിക്കിടന്ന ഭാരതീയ സമൂഹത്തെ ഐക്യത്തിന്റെ ചരടിൽ കോർത്തിണക്കുകയും ചെയ്ത യുഗപുരുഷനായിരുന്നു ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാർ. കേവലം ഒരു സംഘടനയുടെ സ്ഥാപകൻ എന്നതിലുപരി ഭാരതം നേരിട്ട സാംസ്കാരികവും സാമൂഹികവുമായ തകർച്ചയ്ക്ക് പരിഹാരം ‘സംഘടിത ശക്തി’യാണെന്ന് തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു അദ്ദേഹം. 1889-ലെ യുഗാദി ദിനത്തിൽ ജനിച്ച അദ്ദേഹം ഭാരതീയ ചിന്താധാരയ്ക്ക് നൽകിയ സംഭാവനകൾ കാലാതിവർത്തിയാണ്.
വൈദേശിക ആധിപത്യത്തിൽ നിന്ന് ഭാരതം മോചിതമായാൽ മാത്രം പോരാ, ആ സ്വാതന്ത്ര്യം നിലനിർത്താൻ ജനത സജ്ജരാകണം എന്നതായിരുന്നു ഡോക്ടർജിയുടെ കാഴ്ചപ്പാട്. അച്ചടക്കമുള്ള, രാജ്യസ്നേഹമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഒരു രാഷ്ട്രത്തെ ദീർഘകാലം നിലനിർത്താൻ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. 1925-ൽ അദ്ദേഹം ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം (RSS) ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായി മാറിയത് അദ്ദേഹത്തിന്റെ ആസൂത്രണ മികവിന്റെ ഫലമാണ്.
ബംഗാൾ വിപ്ലവ പ്രസ്ഥാനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും സജീവമായിരുന്ന ഡോക്ടർജി സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചാൽ മാത്രം ഭാരതത്തിന്റെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ലോകത്തിന് വിദ്യ പകർന്നു നൽകിയിരുന്ന ഒരു ഉന്നത സംസ്കാരം എന്തുകൊണ്ട് നൂറ്റാണ്ടുകളോളം വിദേശികൾക്ക് മുന്നിൽ പരാജയപ്പെട്ടു എന്ന ചോദ്യത്തിന് അദ്ദേഹം കണ്ടെത്തിയ ഉത്തരം ‘സാമൂഹികമായ ശൈഥില്യം’ എന്നതായിരുന്നു. ജാതിയാലും ഉപജാതിയാലും പ്രാദേശികതയാലും വിഭജിക്കപ്പെട്ട ഒരു ജനതയ്ക്ക് എത്ര വലിയ പൈതൃകമുണ്ടായിട്ടും കാര്യമില്ലെന്ന് അദ്ദേഹം ഭാരതീയരെ ബോധ്യപ്പെടുത്തി.
വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം എന്ന തത്വം അദ്ദേഹം നടപ്പിലാക്കി.ജാതിയുടെയും പ്രാദേശികതയുടെയും അതിർവരമ്പുകൾക്കപ്പുറം ‘നമ്മളെല്ലാം ഭാരതീയർ’ എന്ന ബോധം സാധാരണക്കാരിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.1925-ലെ വിജയദശമി നാളിൽ നാഗ്‌പൂരിലെ മോഹിതേവാഡയിലെ ഒരു ചെറിയ മൈതാനത്ത് ഏതാനും കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിയ ‘ശാഖ’ എന്ന സങ്കല്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക പ്രസ്ഥാനമായി മാറിയത് അത്ഭുതകരമായ ചരിത്രമാണ്. പ്രസംഗങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ ഉള്ള പ്രചാരണത്തിന് പകരം വ്യക്തികളെ നേരിട്ട് കണ്ട് അവരിൽ മാറ്റമുണ്ടാക്കുക (വ്യക്തി നിർമ്മാണം) എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഒരു മണിക്കൂർ നീളുന്ന ശാഖയിലൂടെ അച്ചടക്കവും കായികക്ഷമതയും ദേശസ്നേഹവും ഒരേപോലെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഡോക്ടർജിയുടെ പ്രവർത്തനങ്ങൾ ഭാരതത്തിന്റെ സാമൂഹിക ഭൂമികയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കൊണ്ട് രാജ്യം ധാരാളം നേട്ടങ്ങൾ കൈവരിച്ചു. അടച്ചുപൂട്ടപ്പെട്ട സാംസ്കാരിക മൂല്യങ്ങളെ വീണ്ടെടുക്കാനും ഭാരതീയതയിൽ അഭിമാനിക്കാനും ഒരു വലിയ ജനസമൂഹത്തെ അദ്ദേഹം പ്രാപ്തരാക്കി.ദുരന്തമുഖങ്ങളിലും സാമൂഹിക സേവന മേഖലകളിലും സ്വയംസേവകർ നടത്തുന്ന ഇടപെടലുകൾ ഡോക്ടർജി വിഭാവനം ചെയ്ത നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ്. ഗ്രാമങ്ങൾ തൊട്ട് നഗരങ്ങൾ വരെ നീളുന്ന സേവന പ്രവർത്തനങ്ങളിലൂടെ രാഷ്ട്രത്തിന്റെ നാനാതുറകളിൽ മികച്ച നേതൃത്വത്തെ വാർത്തെടുക്കാൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ സഹായിച്ചു.
ആധുനിക കാലഘട്ടത്തിൽ ഡോ. ഹെഡ്‌ഗേവാറിനെക്കുറിച്ച് പഠിക്കുന്നത് യുവതലമുറയ്ക്ക് അത്യാവശ്യമാണ്. ഭാരതം ഇന്ന് അനുഭവിക്കുന്ന പല നേട്ടങ്ങളുടെയും പിന്നിൽ ഡോക്ടർജി വിഭാവനം ചെയ്ത ദർശനങ്ങളുടെ സ്വാധീനമുണ്ട്.
അയിത്തോച്ചാടനവും സാമൂഹിക ഐക്യവും:
ഗാന്ധിജി സംഘത്തിന്റെ ക്യാമ്പ് സന്ദർശിച്ചപ്പോൾ ജാതിയുടെ യാതൊരു വേർതിരിവുമില്ലാതെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ വഴിയല്ല മറിച്ച് ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തിലൂടെ സാമൂഹിക മാറ്റം കൊണ്ടുവരാൻ ഡോക്ടർജിക്ക് സാധിച്ചു.
സേവനത്തിന്റെ ആഗോള മാതൃക:
ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്ത് ദുരന്തമുണ്ടായാലും ജാതിയോ മതമോ നോക്കാതെ ഓടിയെത്തുന്ന ലക്ഷക്കണക്കിന് സ്വയംസേവകർ ഡോക്ടർജി പകർന്നുനൽകിയ ‘നിസ്വാർത്ഥ സേവനം’ എന്ന പാഠത്തിന്റെ പ്രതിരൂപങ്ങളാണ്.
ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന: രാഷ്ട്രീയത്തിനതീതമായി രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ചിന്താഗതി ജനങ്ങളിൽ വളർത്തിയത് ഡോക്ടർജിയുടെ ദീർഘവീക്ഷണമാണ്.
അധികാരമോഹമില്ലാത്ത പ്രവർത്തനം:
വലിയൊരു പ്രസ്ഥാനം കെട്ടിപ്പടുത്തിട്ടും എന്നും തിരശ്ശീലയ്ക്ക് പിന്നിൽ നിൽക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഈ എളിമയും ലക്ഷ്യബോധവും ഇന്നത്തെ യുവാക്കൾക്ക് മാതൃകയാണ്.
സാമൂഹിക ഏകീകരണം:
ഭിന്നിച്ചു നിൽക്കുന്നതാണ് ദൗർബല്യമെന്നും ഒന്നിച്ചു നിൽക്കുന്നതാണ് കരുത്തെന്നും അദ്ദേഹം പഠിപ്പിച്ചു. സൈബർ ലോകത്തും പുറത്തും ധ്രുവീകരണങ്ങൾ നടക്കുന്ന കാലത്ത് ഐക്യത്തിന്റെ സന്ദേശം പ്രസക്തമാണ്.
ത്യാഗസന്നദ്ധത:
സ്വന്തം സുഖസൗകര്യങ്ങൾ രാഷ്ട്രത്തിന് വേണ്ടി മാറ്റിവെച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ഡോക്ടറായി സേവനം അനുഷ്ഠിച്ച് സമ്പന്നനാകാമായിരുന്നിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് രാജ്യസേവനത്തിന്റെ കഠിനപാതയായിരുന്നു.
ഭാരതം ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അതിന്റെ അടിത്തറ പണിയാൻ സഹായിച്ച ആ മഹദ് വ്യക്തിത്വത്തിന്റെ ചിന്തകൾ ഇന്നും പ്രസക്തമാണ്.
ഡോ. ഹെഡ്‌ഗേവാറിലൂടെ സാംസ്കാരിക ദേശീയതയുടെ പുനർജന്മമാണ് സംഭവിച്ചത്.
ഡോക്ടർജിയുടെ ജന്മദിനം കേവലം ഒരു ആഘോഷമല്ല മറിച്ച് രാഷ്ട്രപുനർനിർമ്മാണത്തിനായുള്ള പുനരർപ്പണത്തിന്റെ ദിനം കൂടിയാണ്….

അനീഷ് പുരവൂർ
