തിരുവനന്തപുരം :കേരള സർവകലാശാല ഡീനും സംസ്‌കൃത വിഭാഗം മേധാവിയുമായ ഡോ. സി.എൻ. വിജയകുമാരി, തൻ്റെ ഔദ്യോഗിക ചുമതല നിർവ്വഹിച്ചതിൻ്റെ പേരിൽ നേരിടുന്ന കടുത്ത പീഡനത്തിനും ഭീഷണിക്കും എതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. കോടതി എതിർകക്ഷികളായ ഗവർണറുടെയും കേരള വിസി യുടെയും വിശദീകരണം തേടി.
ഒരു സംസ്കൃത ഗവേഷക വിദ്യാർഥിയുടെ പിഎച്ച്.ഡി. ഓപ്പൺ ഡിഫൻസ് തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയതിൻ്റെ പേരിലാണ് പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും, മാധ്യമങ്ങളിൽ നിന്നും ചില സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നും ഉൾപ്പെടെ കടുത്ത സമ്മർദ്ദവും ഭീഷണിയും നേരിടേണ്ടി വരുന്നതെന്ന് ഹർജിയിൽ പറയുന്നു.
തന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുന്നവരിൽ രണ്ടു വിദ്യാർഥിനികൾ SC വിഭാഗത്തിൽ പെട്ടവരാണെന്നും അതിൽ ഒരു വിദ്യാർഥിനി തന്നോടൊപ്പം തന്റെ വീട്ടിൽ താമസിച്ചാണ് ഗവേഷണം പൂർത്തിയാക്കിയതെ ന്നും അത്തരത്തിൽ പെരുമാറുന്ന
തനിക്കെതിരെയാണ് അക്കാദമിക് തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ വ്യാജ പട്ടിക ജാതി വിരുദ്ധ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഹർജ്ജിയിൽ പറയുന്നു.
*ഓപ്പൺ ഡിഫൻസ് സംഭവം:*
2025 ഒക്ടോബർ 15-ന് വിപിൻ വിജയൻ്റെ പിഎച്ച്.ഡി. ഓപ്പൺ ഡിഫൻസിനിടെയാണ് സംഭവം. ചടങ്ങിൽ തൻ്റെ വിഷയവുമായി ബന്ധപ്പെട്ട ലളിതമായ ചോദ്യങ്ങൾക്ക് പോലും വിപിൻ വിജയന് മറുപടി നൽകാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം മോശമായി പെരുമാറുകയും വിദ്യാർത്ഥികളും ഗൈഡും ചേർന്ന് രംഗം വഷളാക്കുകയും ചെയ്തതിനെ തുടർന്ന് ഓപ്പൺ ഡിഫൻസ് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു.
*ഡീനിൻ്റെ നടപടി:*
ഓപ്പൺ ഡിഫൻസ് പൂർത്തിയാകാതെ തടസ്സപ്പെട്ടതിനെ തുടർന്ന് പിഎച്ച്.ഡി. നൽകുന്നതിലെ പോരായ്മകൾ ചൂണ്ടി ക്കാട്ടി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകേണ്ടത് തൻ്റെ കടമയായിരുന്നെന്ന് ഡോ. വിജയകുമാരി പറയുന്നു.
*സമ്മർദ്ദവും ഭീഷണിയും:*
റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഓപ്പൺ ഡിഫൻസ് നടപടികൾ അംഗീകരിച്ച് ഒപ്പിടാൻ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ: നസീബ്,അജയ് എന്നിവർ തന്നെ സമീപിക്കുകയും, ഒപ്പിട്ടാൽ ‘അനുയോജ്യമായ പ്രതിഫലം’ വാഗ്ദാനം ചെയ്യുകയും, ഒപ്പിടാതിരുന്നാൽ ‘ഗുരുതരമായ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിപിൻ വിജയൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന കാരണവും ഭീഷണിക്കായി ഉപയോഗിച്ചു.
ഒരു സ്വകാര്യ ചാനൽ റിപ്പോർട്ടറും ലൈവ് ചർച്ചയിലൂടെ പ്രബന്ധ റിപ്പോർട്ടിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചതായും ഹർജ്ജിയിൽ പറയുന്നു.
*ജാതീയമായി ചിത്രീകരിച്ചു:*
പ്രോ-ചാൻസലർ പരസ്യ പ്രസ്താവനയിലൂടെ സംഭവത്തിന് ജാതീയ നിറം നൽകിയെന്നും, വിപിൻ വിജയനെ ജാതീയമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചുവെന്നും ഹർജിയിൽ പറയുന്നു. വിപിൻ വിജയനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായ നിറം നൽകി.
*പോലീസ് നടപടി:*
അക്കാദമിക് വിഷയത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്ന്, 2025 നവംബർ 8-ന് ഡോ. വിജയകുമാരിക്ക് എതിരെ പട്ടികജാതി/പട്ടികവർഗ്ഗ (അതിക്രമം തടയൽ) ഭേദഗതി നിയമപ്രകാരം (SC/ST Act) തിരുവനന്തപുരം ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ കേസ് (ക്രൈം നമ്പർ 999/2025) രജിസ്റ്റർ ചെയ്തു. ഈ കേസിൻ്റെ മറവിൽ പോലീസ് ഉപദ്രവിക്കുന്നുവെന്നും ഹർജിക്കാരി ആരോപിക്കുന്നു.
*ഹർജിയിലെ പ്രധാന ആവശ്യങ്ങൾ:*
*യൂണിവേഴ്സിറ്റി PhD നൽകുന്നതിലെ അപാകതകൾ സംബന്ധിച്ച് ചാൻസലർക്ക് സമർപ്പിച്ച പരാതിയിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കാൻ നിർദ്ദേശിക്കുക.
*ഓപ്പൺ ഡിഫൻസ് രേഖകളിൽ ഒപ്പിടാൻ നിയമവിരുദ്ധമായി തനിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് സർവകലാശാലയെ തടയുക.
*രജിസ്റ്റർ ചെയ്ത FIR-ൻ്റെ അടിസ്ഥാനത്തിൽ തന്നെ ഒരു തരത്തിലും ഉപദ്രവിക്കരുത് എന്ന് പോലീസിന് നിർദ്ദേശം നൽകുക, FIR റദ്ദാക്കുക.
*പിഎച്ച്.ഡി. ഓപ്പൺ ഡിഫൻസ് പ്രോട്ടോക്കോൾ സംബന്ധിച്ച സർവകലാശാലയുടെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ UGC റെഗുലേഷനുകൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുക.
ഹർജ്ജിക്കാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
