തിരുവനന്തപുരം :കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തെയും ഭരണപരമായ കെടുകാര്യസ്ഥതയെയും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വിമർശനം സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി.
സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാത്ത അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കോടതി കണ്ടത്. ഈ ദുരവസ്ഥ ഒട്ടും ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വാക്കുകൾ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവിലെ അവസ്ഥയുടെ നേർച്ചിത്രമായിരുന്നു. “കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്കാലിക ചാർജുകളിൽ നിയന്ത്രിക്കപ്പെടുന്നു എന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനും, സ്ഥാപനങ്ങളുടെ സ്വതന്ത്രതയ്ക്കും ഗുരുതരമായ തിരിച്ചടിയാണ്,” കോടതി നിരീക്ഷിച്ചു. വർഷങ്ങളായി ഈ സ്ഥിതി തുടരുന്നത് വിദ്യാഭ്യാസ മേഖലയുടെ ഭാവിക്ക് ഒട്ടും ആശാസ്യമല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ. മോഹനൻ കുന്നുമ്മലിനെ ചാൻസിലർ കൂടിയായ ഗവർണർ താൽക്കാലികമായി നിയമിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു ഈ നിർണ്ണായക വിധി.
യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളായ ഡോ. ശിവപ്രസാദ് എ., പ്രിയ പ്രിയദർശനൻ എന്നിവരാണ് ഈ താൽക്കാലിക നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ വൈസ് ചാൻസലറായ ഡോ. മോഹനൻ കുന്നുമ്മലിന് കേരള സർവ്വകലാശാലയുടെ യുടെ വൈസ് ചാൻസിലറാ കാനുള്ള അക്കാദമിക് യോഗ്യതകളില്ലെന്നും, പി.എച്ച്.ഡി. ഇല്ലെന്നും, കേരള സർവകലാശാലയിലെ വിഷയ മേഖലയിൽ പ്രൊഫസറായി സേവനപരിചയമില്ലെന്നുമായിരുന്നു ഹർജ്ജി ക്കാരാരു ടെ വാദം. കൂടാതെ, കേരള യൂണിവേഴ്സിറ്റി ആക്ട്, 1974-ലെ സെക്ഷൻ 10(5) പ്രകാരം 60 വയസ്സിന് മുകളിലുള്ളവരെ വൈസ് ചാൻസലറായി നിയമിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ വാദങ്ങളെ ഹൈക്കോടതി നിയമപരമായി നേരിട്ടു.
‘നിയമനം’ (appointment) എന്നതിനും ‘സംവിധാനം’ (arrangement) എന്നതിനും വ്യത്യാസമുണ്ടെന്ന് കോടതി വിശദീകരിച്ചു. “കേരള യൂണിവേഴ്സിറ്റി ആക്ട്, 1974-ലെ സെക്ഷൻ 10(19) ഉൾപ്പെടുന്ന ‘arrangement’ എന്ന വാക്ക് ‘appointment’ എന്നതിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ ‘സ്ഥിര നിയമനം’ അല്ല, മറിച്ച് ഒരു താത്കാലിക ഭരണക്രമീകരണമാണ്. അതിനാൽ നിയമത്തിലെ യോഗ്യതാ മാനദണ്ഡങ്ങൾ അതിലേക്ക് നോക്കേണ്ടതില്ല,” കോടതി വ്യക്തമാക്കി. അതായത്, സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുമ്പോൾ ബാധകമായ 60 വയസ്സുള്ള പരിധി താൽക്കാലിക ചുമതലകൾക്ക് ബാധകമല്ലെന്ന് കോടതി വിധിച്ചു.
കൂടാതെ, ഡോ. മോഹനൻ കുന്നുമ്മലിന്റെ യോഗ്യതകളും കോടതി എടുത്തുപറഞ്ഞു. 2019 മുതൽ KUHS-ന് വൈസ് ചാൻസലറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് MBBS, MD യോഗ്യതകളുണ്ടെന്നും 10 വർഷത്തോളം പ്രൊഫസറായിരുന്നെന്നും,2016 ൽ സംസ്ഥാനത്തെ ബെസ്റ്റ് ഡോക്ടർ അവാർഡ് ലഭിച്ചിട്ടുണ്ടെന്നും, നിരവധി ഗവേഷണങ്ങൾ നടത്തുകയും പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും, 19 ഗവേഷണ പ്രൊജക്ടുകൾ ഗൈഡ് ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
“അവസാനിപ്പിക്കാൻ ശ്രമിക്കുന്നതായിരുന്ന കുഴപ്പം, ഇപ്പോൾ താത്കാലിക സംവിധാനങ്ങൾ പോലും കോടതിയിലേയ്ക്ക് വലിച്ചിഴച്ച് നീട്ടുകയാണ്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തുന്നു,” എന്ന കോടതിയുടെ നിരീക്ഷണം വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
ചാൻസലറുടെ നടപടി “doctrine of necessity” പ്രകാരമുള്ളതാണെന്നും, കേരള യൂണിവേഴ്സിറ്റി ആക്ടിൽ താൽക്കാലിക ചുമതല നൽകുന്നതിന് വിലക്കുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ സർവകലാശാലകളിൽ ദീർഘകാലമായി നിലനിൽക്കുന്ന വൈസ് ചാൻസലർ നിയമന തർക്കങ്ങളും, പലപ്പോഴും സെനറ്റിന്റെ തീരുമാനങ്ങൾ ഗവർണറുമായി സംഘർഷത്തിലാകുന്ന സാഹചര്യങ്ങളും കോടതി പരാമർശിച്ചു. ഹർജിക്കാർ സെനറ്റിലെ അംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിയമന പ്രക്രിയയിലെ കാലതാമസം അവരുടെ പങ്കിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തപ്പെടേണ്ടതാണെന്നും സൂചിപ്പിച്ചു. “താത്കാലികമായി വൈസ് ചാൻസലർ ചുമതല നൽകിയത് നിയമപരമായ രീതിയിൽ ചാൻസലർ സ്വീകരിച്ച നടപടി മാത്രമാണ്. ഹർജ്ജിക്കാർ ഉന്നയിച്ചത് നിയമസാധുതയില്ലാത്ത വാദങ്ങളാണ്. സെനറ്റ് അംഗങ്ങളുടെ ഈ തർക്കങ്ങൾ നല്ല സമീപനമല്ല. അത്തരത്തിലുള്ള ഒരു ക്വാവാറന്റോ ഹർജ്ജി അനുവദിക്കാനാവില്ല” എന്ന് വ്യക്തമാക്കി ഹൈക്കോടതി റിട്ട് ഹർജി തള്ളു കയായിരുന്നു..
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണപരമായ പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും ഒരു തീർപ്പുകൽപ്പിച്ചുവെങ്കിലും,സംസ്ഥാനത്തെ സർവ്വകലാശാകളിൽ സ്ഥിരം വൈസ് ചാൻസലർമാരുടെ അഭാവം ഈ മേഖലയുടെ ഗുണനിലവാരത്തെ ദുർബല പ്പെടുത്തുമെന്നും ബന്ധ പ്പെട്ടവർ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും കോടതി നിരീക്ഷച്ചു.
ഗവർണർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി. ശ്രീകുമാർ ഹാജരായി.
