തിരുവനന്തപുരം :വിവിധ ബിരുദ കോഴ്സുകൾക്ക്ഒഴിവുള്ള സീറ്റുകളിൽ കോളേജുകൾ നേരിട്ട് പ്രവേശനം നൽകുമ്പോൾ വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് മുൻപ് പഠനം ഉപേക്ഷിച്ച വിദ്യാർത്ഥികൾ കോളേജുകളിൽ പുനഃപ്രവേശനം നേടുന്നത് യൂണിവേഴ്സിറ്റിയുടെ ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ, ക്രിമിനൽ കേസുകളിൽപെട്ട വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്ക് സർവ്വകലാശാല നിർദ്ദേശം നൽകുന്നു.
പെൺകുട്ടികളെ ആക്രമിക്കുക, കോളേജ് വസ്തുവകകൾ നശിപ്പിക്കുക എന്നിവയുടെ പേരിൽ നിരവധി വിദ്യാർത്ഥികൾ ക്രിമിനൽകേസുകളിൽ പെടാറുണ്ട്.
പുതിയ യുജിസി റെഗുലേഷൻ പ്രകാരം കോളേജ് പ്രവേശനത്തിനുള്ള പരമാവധി പ്രായപരിധി പിൻവലിച്ചതോടെ ആർക്കും എപ്പോൾ വേണമെങ്കിലും കോളേജുകളിൽ തുടർ പഠനത്തിന് തടസ്സമില്ല. ഈ സാഹചര്യത്തിൽ കോളേജിൽ ചേരുന്ന വിദ്യാർത്ഥികൾ അവരെ പരീക്ഷകളിൽ ഡീബാർ ചെയ്തിട്ടില്ലെന്നും, ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നുമുള്ള സത്യവാങ്മൂലം നൽകുന്നെങ്കിൽ മാത്രം പ്രവേശനം നൽകിയാൽ മതിയാകും.
തുടർ അന്വേഷണത്തിൽ, സത്യവാഗ്മൂലം ലംഘിച്ച് പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പൽമാർക്ക് അധികാരം ഉണ്ടായിരിക്കും. കോളേജ് കൗൺസിലിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാനാവും. വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ യൂണിവേഴ്സിറ്റി യെ സമീപിക്കാം.
പല കോളേജുകളിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പഠനം ഉപേക്ഷിച്ച മുതിർന്ന
വിദ്യാർത്ഥികൾ പുനഃ പ്രവേശനം നേടുന്നതെന്ന് പ്രിൻസിപ്പൽമാർ സർവ്വകലാശാലയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ഈ അടുത്ത ദിവസങ്ങളിൽ
കാര്യവട്ടം ഗവ:കോളേജിൽ മൊബൈലിലൂടെ കോപ്പിയടിച്ചതായി സ്‌ക്വാഡ് കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതുന്നതിൽ വിലക്ക് ഏർപ്പെടുത്തി യിരുന്ന വിദ്യാർഥി നേതാവ് മറ്റൊരു വിഷയം ഐശ്ചികമായെടുത്ത് പുന പ്രവേശനം നേടിയത് യൂണിവേഴ്സിറ്റി റദ്ദാക്കിയിരുന്നു.
തുടർന്നാണ് വിസി ഡോ:മോഹനൻ കുന്നുമ്മേലിന്റെ അധ്യക്ഷതയിൽ ചേർന്ന സിണ്ടിക്കേറ്റ് ഉപസമിതിയുടെ യോഗം മേൽപറഞ്ഞ തീരുമാനം കൈകൊണ്ടത്.
