തിരുവനന്തപുരം :സംസ്ഥാനത്തെ ഏതെല്ലാം സർവ്വകലാശാലകളിൽ വിസി മാരുടെ സ്ഥിരം ഒഴിവുകൾ ഉണ്ടെന്നും ,സ്ഥിരം വിസി മാരെ നിയമിക്കാതെ താൽക്കാലിക വിസി മാർ തുടരുന്നതിനുള്ള കാരണം എന്തെന്നുള്ള സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ ഫയൽ ചെയ്യണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്ഥിരം വിസി മാരുള്ള നാല് സർവകലാശാലകൾ ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിൽ സ്ഥിരം വിസി മാരെ അടിയന്തരമായി നിയമിക്കണമെന്നും,
വിസി നിയമങ്ങളു മായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇതിനകം ഫയൽ ചെയ്യ പെട്ടിട്ടുള്ള ഹർജ്ജികൾ ഒന്നിച്ച് പരിഗണിക്കണമെന്നുമുള്ള ഹർജ്ജി ക്കാരന്റെ ആവശ്യം അംഗീകരിച്ച കോടതി എല്ലാ ഹർജ്ജികളും ഒന്നിച്ചു സമർപ്പിക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകികൊണ്ട് ഉത്തരവിട്ടു.
വിസി നിയമനങ്ങൾക്കുള്ള സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ചാൻസിലറും സർക്കാരും തമ്മിലുള്ള തർക്കമാണ് വിസി നിയമനങ്ങൾ പ്രതിസന്ധിയിലാക്കിയതും അനിശ്ചിതമായി നിയമനനടപടികൾ നീളാൻ കാരണമായതും.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കാലിക്കറ്റ്, ഡിജിറ്റൽ, സാങ്കേതിക, ആരോഗ്യ സർവ്വകലാശാലകളിലാണ് ഇപ്പോൾ സ്ഥിരം വിസി മാരുള്ളത്.
വിദ്യാഭ്യാസ പ്രവർത്തകയായ ഡോ: മേരി ജോർജ്, സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഫയൽ ചെയ്ത പൊതു താൽപ്പര്യ ഹർജ്ജിയി ലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സർക്കാരിന് പുറമേ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ, യൂണിവേഴ്സിറ്റി രജിസ്ട്രാർമാർ, യുജിസി, എഐസിടിഇ, എന്നിവരെ എതിർക ക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
