തിരുവനന്തപുരം :വിവാദങ്ങൾക്ക് നടുവിൽ മൂന്നു മാസത്തിനുശേഷം നാളെ ഡിജിറ്റൽ സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ്(BoG) യോഗം ചേരുന്നു. മറ്റു സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമായി ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർ പേഴ്സൺ ആണ് യോഗം വിളിച്ചു കൂട്ടുന്നത്. ഗവർണർ ചാൻസലറായ സർവ്വകലാശാലയുടെ വിസി ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിന്റെ വൈസ് ചെയർപേഴ്സൺ മാത്രമാണ്.
സർവ്വകലാശാല സിൻഡിക്കേറ്റിന് സമാനമായ ഭരണസമിതിയാണ് സർവ്വകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ്.
ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായ ഡോ: സിസാ തോമസിന്റെ നിയമനത്തിലുള്ള അനിശ്ചിതത്വം നിലനിന്നതുകൊണ്ട് മീറ്റിംഗ് നീട്ടി വച്ചിരിക്കുകയായിരുന്നു. സുപ്രീംകോടതി നിയമനം നീട്ടി നൽകാൻ തീരുമാനിച്ചതോടെ ചെയർപേഴ്സൺ യോഗം വിളിച്ചുചേർക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസത്തിലൊരിക്കലാണ് യോഗം ചേരേണ്ടത്.
സർവ്വകലാശാലചട്ട പ്രകാരം വ്യവസായ രംഗത്ത് ഗണ്യമായ അനുഭവസമ്പത്തുള്ള ഒരു വ്യക്തിയെയാണ് ചെയർപേഴ്സണായി സർക്കാർ നിയമിക്കുന്നത്. കർണാടക സ്വദേശിയായ പ്രൊഫ:വിജയ് ചന്ദ്രു ആണ് നിലവിലെ ചെയർപേഴ്സൺ.
സാങ്കേതിക സർവ്വകലാശാല വിസി, ഐ.ടി സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധി, കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ പ്രതിനിധി, ഡയറക്ടർ ഐഐടി പാലക്കാട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ഡയറക്ടർ, ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ,രണ്ട് ഐ.ടി വിഷയ വിദഗ്ധർ എന്നിവരാണ് ബോർഡ് അംഗങ്ങൾ.
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന സെക്രട്ടറി മാത്രമാണ് ബോർഡിൽ സാധാരണ രാഷ്ട്രീയ താല്പര്യങ്ങളോടെ ചർച്ചകൾ നടത്താറുള്ളത്. കൂടുതൽ അംഗങ്ങളും ഓൺ ലൈനിലാണ് സാധാരണ പങ്കെടുക്കുക.
സർവ്വകലാശാലയിൽ
നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിസി ഡോ: സിസാ തോമസ് BOG യുടെ അറിവ് കൂടാതെ ഗവർണർക്ക് നേരിട്ട് സമർപ്പിച്ച റിപ്പോർട്ട് ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് കാരണമാകും. സർവ്വകലാശാലയിലെ ചില അധ്യാപകർ ഒരേസമയം നിരവധി കമ്പനികളുടെ തലപ്പത്തിരിക്കുന്നതും, കോടികളുടെ നിരവധി പ്രോജക്ടുകൾ ഏറ്റെടുത്തിരിക്കുന്നതായ ആക്ഷേപവും മാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു.
*കെ. ചിപ്പ് ചർച്ചയാകും*
സർവ്വകലാശാലയിലെ ഒരു അദ്ധ്യാപകൻ കഴിഞ്ഞവർഷം ഇന്ത്യയിൽ ആദ്യമായി കെ. ചിപ്പ് വികസിപ്പി ച്ചതായ വാർത്ത പുറത്തു വന്നശേഷം ഇന്ത്യ ആദ്യമായി ചിപ്പ് വികസനത്തിന് തയ്യാറെടുക്കുന്നതായ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും ഡിജിറ്റൽ യൂണിവേഴ്സിറ്റി കെ. ചിപ്പ് വികസിപ്പിച്ചത് മറച്ചു വച്ചതായ ആക്ഷേപവും ബോർഡിൽ ചർച്ച ചെയ്യാൻ സാധ്യത യുണ്ട്.
സർവ്വകലാശാല ആരംഭിച്ചിട്ട് അഞ്ചുവർഷമായെ ങ്കിലും ഇതേവരെ കോടിക്കണക്കിന് രൂപയുടെ പ്രോജക്ട് കൈകാര്യം ചെയ്തതിന്റെ ഓഡിറ്റ് നടന്നിട്ടില്ല. സർവ്വകലാശാലയിൽ ഫൈനാൻസ് ഓഫീസറെ നിയമിക്കണമെന്ന ശുപാർശ സർക്കാരിനെ അറിയിച്ചിട്ട് നാലുവർഷമായിട്ടും ഇതേവരെ ഫൈനാൻസ് ഓഫീസർ തസ്തിക സൃഷ്ടിക്കാൻ സർക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ല. ഫൈനാൻസ് ഓഫീസർ ഇല്ലാതെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഒരേയൊരു സർവകലാശാലയാണ് ഡിജിറ്റൽ സർവകലാശാല.
