തനതായ ഒരു കഥാപ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായ കാരൂർ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22 ന് കോട്ടയം, ഏറ്റുമാനൂരിൽ ജനിച്ചു. മലയാളം ഹയർ പാസ്സായ ശേഷം തിരുനക്കര മലയാളം ഹൈസ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. “കണ്ടപ്പൻ ” എന്ന പേരു വച്ച് ഫലിത ലേഖനങ്ങളും ഹാസ്യനിരൂപണങ്ങളും ഉദ്യോഗത്തിലിരിക്കവേ എഴുതിക്കൊണ്ടിരുന്നു. “സഹകരണാടിസ്ഥാനത്തിൽ സാഹിത്യകാരന്മാരെ സംഘടിപ്പിച്ച് ഒരു സംഘം രൂപവൽക്കരിക്കണമെന്ന അദ്ദേഹത്തിൻ്റെ ആശയംരൂപംപ്രാപിച്ചതാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം .പ്രസ്തുത സംഘത്തിൻ്റെ സെക്രട്ടറിയായി അദ്ദേഹം 1965 വരെ പ്രവർത്തിച്ചു.പ്രൊഫ.എം.പി.പോൾ ആയിരുന്നു പ്രസിഡൻ്റ്. സ്വതേ നർമ്മരസികനായിരുന്ന കാരൂരിൻ്റെ കഴിവ് പ്രൊഫ.പോളുമായുള്ള സഹവാസത്തിൽ പ്രവൃദ്ധമായി. കാരൂർ തിരുനക്കര മലയാള ഹൈസ്ക്കൂൾ അദ്ധ്യാപകനായിരിക്കവെ ”സാഹിതീസഖ്യം ” എന്നൊരു സാഹിത്യകാര സംഘം പോളിൻ്റെ അദ്ധ്യക്ഷതയിൽ രൂപം കൊണ്ടിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള അതിലെ ഒരു അംഗമായിരുന്നു. സംഘാംഗങ്ങളുടെ കഥകൾ, കവിതകൾ മുതലായവ പ്രസ്തുത സദസ്സിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇവയെപ്പറ്റി സാഹിത്യ മർമ്മജ്ഞനായ പ്രൊഫ.പോളിൻ്റെ മൂല്യനിർണ്ണയവും ഗുണദോഷ പ്രസ്താവനകളും സംഘാംഗങ്ങൾക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. 20-ൽ പരം കഥാസമാഹാരങ്ങളുo ബാലസാഹിത്യ കൃതികളും കാരൂർ എഴുതിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെൻ്റും കേരള സാഹിത്യ അക്കാദമിയും ബാലസാഹിത്യത്തിന് കാരൂരിന് അവാർഡ് നൽകി.. 1975 സെപ്തംബർ 30-ാം തീയതി ഭാവനാശാലിയായ കാരൂർ നീലകണ്ഠപ്പിളള അന്തരിച്ചു.
2025-09-30
