കെ.എസ്.ശബരിനാഥ്‌ നിയമസഭയിലേക്ക് മത്സരിക്കും?. തിരുവനന്തപുരം സെൻട്രൽ നോട്ടം; കവടിയാർ കൈവിടുമോയെന്ന ആശങ്കയിൽ കോൺഗ്രസ്; ചർച്ചകൾ സജീവം1 min read

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ നയിച്ച മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. കവടിയാർ വാർഡിൽ നിന്ന് വിജയിച്ച് കൗൺസിലറായി തുടരുന്ന ശബരിനാഥനെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ മണ്ഡലങ്ങളിലൊന്നിൽ ഇറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ശബരിനാഥൻ മടങ്ങുന്നത് കവടിയാർ വാർഡിൽ പാർട്ടിയുടെ മേധാവിത്വത്തെ ബാധിക്കുമോ എന്ന ആശങ്ക പ്രാദേശിക നേതൃത്വത്തിനുണ്ട്.

കവടിയാറിലെ വെല്ലുവിളി കഴിഞ്ഞ തവണ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് പിടിച്ചെടുത്ത കവടിയാറിൽ, ഇത്തവണ ശബരിനാഥൻ 74 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവ് എൻ. മധുസൂദനനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബരിനാഥൻ നിയമസഭയിലേക്ക് മാറിയാൽ ഉപതിരഞ്ഞെടുപ്പിലൂടെ വാർഡ് തിരിച്ചുപിടിക്കാൻ ബിജെപി ശക്തമായി രംഗത്തിറങ്ങും. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

തിരുവനന്തപുരം സെൻട്രലിൽ കണ്ണുവെച്ച് ശബരി അരുവിക്കരയിലേക്ക് മടങ്ങുന്നതിനേക്കാൾ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനാണ് ശബരിനാഥന് താല്പര്യം. എന്നാൽ മുൻമന്ത്രി വി.എസ്. ശിവകുമാർ ഉൾപ്പെടെയുള്ളവർ ഈ സീറ്റിനായി രംഗത്തുള്ളത് വലിയ വെല്ലുവിളിയാണ്. കൂടാതെ, യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ സി.പി. ജോണിനായി ഈ മണ്ഡലം ആവശ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതൽ. തിരുവനന്തപുരം സെൻട്രൽ ലഭിച്ചില്ലെങ്കിൽ ശബരിനാഥനെ നേമത്തോ കഴക്കൂട്ടത്തോ പരിഗണിച്ചേക്കാം. നേമത്ത് വി. ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും എത്തുന്നതോടെ പോരാട്ടം കടുക്കും.

ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് തിരുവനന്തപുരം സെൻട്രലിൽ തോമസ് ഐസക്കിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് എൽഡിഎഫ് നീക്കം. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ വിജയകരമായി നയിച്ച ശബരിനാഥന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. വരും ദിവസങ്ങളിലെ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *