‘ഇമ്രാന് വിഷം നല്‍കിയേക്കും, ജയില്‍ മാറ്റണം, വീട്ടിലെ ഭക്ഷണം കൊടുക്കണം’; വിവിധആവശ്യങ്ങളുമായി ഭാര്യ1 min read

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുരക്ഷിതനല്ലെന്ന് ഭാര്യ ബുഷ്‌റ ബീബിയുടെ വെളിപ്പെടുത്തൽ.

ഇമ്രാന് ജയിലില്‍ വിഷം നല്‍കിയേക്കുമെന്നും ജയില്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ബുഷ്‌റ ബീബി പാക്ക് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവിലുള്ളതെന്നാണ് ബുഷ്‌റ കത്തില്‍ പറയുന്നത്. ഇമ്രാൻ ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിരുദം നേടിയ ആളാണെന്നും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്നെന്നും അതിനാല്‍ ജയിലില്‍ ബി-ക്ലാസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുള്ളതുമാണ്  ബുഷ്‌റ ആവശ്യപ്പെടുന്നത്.

 ഇമ്രാന് നേരെ  നേരത്തേ  രണ്ട് തവണ വധശ്രമമുണ്ടായിട്ടും പ്രതികളെ പിടികൂടിയില്ലെന്നും ബുഷ്‌റ ആരോപിച്ചു. ജയില്‍ നിയമമനുസരിച്ച്‌ ജയിലിലടച്ച്‌ 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തണമെന്നും എന്നാല്‍ 12 ദിവസങ്ങളായിട്ടും ഇതുവരെ ഈ സൗകര്യങ്ങൾ നടപ്പിലായിട്ടില്ലെന്നും ബുഷ്‌റ കൂട്ടിച്ചേര്‍ത്തു.

ഇമ്രാന് വിഷം നല്‍കിയേക്കുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫും (പിടിഐ) ആശങ്ക അറിയിച്ചിരുന്നു. തോഷഖാന അഴിമതിക്കേസില്‍ ഈ മാസം 5നാണ് ഇമ്രാൻ ഖാനെ ജയിലില്‍ അടച്ചത്. 3 വര്‍ഷത്തെ ശിക്ഷയനുഭവിക്കണമെന്നുള്ളതാണ് വിധിപ്രസ്താവന.

Leave a Reply