തിരുവനന്തപുരം: നേത്രചികിത്സരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഡോ. ദേവിൻ പ്രഭാകറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി. തിരുവനന്തപുരം റീജിയണൽ ഒഫ്താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറും ദിവ്യപ്രഭ കണ്ണാശുപത്രിയുടെ ചെയർമാനുമായ ഡോ. സുശീല പ്രഭാകരന്റെ ജന്മദിനത്തിൽ വിവിധ സന്ന്യസ്തസഭകളിലെ അംഗങ്ങൾക്ക് സൌജന്യ നേത്രപരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന ‘ദർശന ദീപ്തി’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
ജന്മദിനം സാധാരണയായി വ്യക്തിപരമായ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. എന്നാൽ അതിനെ സമൂഹത്തിനായി സമർപ്പിക്കുമ്പോൾ , അത് ആഘോഷത്തിന്റെ അതിരുകൾ കടക്കുന്ന ഒരു പ്രഖ്യാപനമാക്കി മാറുന്നു. അച്ഛന്റെ ഓർമ്മദിനത്തിൽ ആശുപത്രിയിലെ സേവനങ്ങൾ പൂർണ്ണമായും സൗജന്യമാക്കി ആചരിച്ച ഡോ. ദേവിൻ , അമ്മയുടെ എൺപത്തി മൂന്നാം പിറന്നാൾ ദിനത്തിൽ മറ്റൊരു ജനോപകാര പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഇത് സമൂഹത്തിനുളള സന്ദേശമാണെന്നും സ്വാമി പറഞ്ഞു.
നാരായണീയം കുടുംബയോഗം പ്രസിഡന്റ് ഡോ. എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സന്ന്യാസജീവിതത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ ആദരിച്ചു. ഡോ. സുശീല പ്രഭാകർ മഹനീയ സാന്നിദ്ധ്യമായി. റിട്ട. ഐ.ജിയും വഞ്ചി പുവർ ഫണ്ട് പ്രസിഡന്റുമായ എസ്. ഗോപിനാഥ് ഐ.പി.എസ് (റിട്ട.), ഗ്ലോബൽ ഫൌണ്ടെഷൻ ഫോർ ഹെൽത്ത് ആൻഡ് ഹൈജീൻ പ്രസിഡന്റ് ഡോ.എസ്.എസ്. ലാൽ, ഡോ. അഭിലാഷ് ബൽസലാം, ദിവ്യപ്രഭ ഹോസ്പിറ്റൽ വൈസ് ചെയർമാൻ ഡോ. ദേവിൻ പ്രഭാകർ, ഡയറക്ടർ ഡോ. കവിത ദേവിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
‘ദർശന ദീപ്തി’ പദ്ധതിയുടെ ഭാഗമായി ആദ്യദിനത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ ജനനിമാർക്ക് ദിവ്യപ്രഭയിൽ നേത്രപരിശോധനയും ചികിത്സയും ലഭ്യമാക്കി. ഡോ. നവമി ശ്രീകുമാർ നേത്രപരിശോധനയ്ക്ക് നേതൃത്വം നൽകി.
