തിരുവനന്തപുരം: ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിളിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ ആലോചിക്കുന്നുവെന്ന പ്രചാരണത്തിൽ പ്രതികരിച്ച് രാജ്‌ഭവൻ. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും രാജ്‌ഭവൻ വ്യക്തമാക്കി.
ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ കേരള പൊലീസിന്റെ കഴിവിലും പ്രതിബദ്ധതയിലും പൂർണവിശ്വാസമാണ് എന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്‌തിയുണ്ടെന്നും ഗവർണർ രേഖപ്പെടുത്തുന്നു. ഗവർണർക്ക് നേരിട്ടോ അല്ലാതെയോ എന്തെങ്കിലും ഭീഷണിയുള്ളതായി കരുതുന്നില്ല. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ഭാവനയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും രാജ്‌ഭവൻ ആവശ്യപ്പെട്ടു.
ഇന്നലെ എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനിടെ പ്രവർത്തകർ രാജ്ഭവനിൽ ചാടിക്കയറാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള പൊലീസ് പരാജയപ്പെട്ടാൽ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിളിക്കാൻ ഗവർണർ ആലോചിക്കുന്നുവെന്ന പ്രചാരണം ശക്തമായത്.മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസേനയാണ് സുരക്ഷയൊരുക്കിയിരുന്നത്. ആരിഫ് ഖാൻ മാറി അർലേക്കർ വന്നതോടെ സിആർപിഎഫ് സുരക്ഷ വേണ്ടെന്ന് വയ്ക്കുകയും കേരള പൊലീസിന് വീണ്ടും സുരക്ഷാച്ചുമതല കൈമാറുകയുമായിരുന്നു
ഗവർണർ അർലേക്കർ പങ്കെടുക്കുന്ന ചടങ്ങുകളിലും യാത്രകളിലും സുരക്ഷ വർദ്ധിപ്പിക്കും. വിവാദ പശ്ചാത്തലത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ വഴുതക്കാട്ടെ ഔദ്യോഗികവസതിക്ക് സുരക്ഷ കൂട്ടി. കഴിഞ്ഞദിവസം വീട്ടിലേക്ക് എ.ബി.വി.പി പ്രവർത്തകർ മാർച്ച് നടത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണിത്.അതേസമയം, രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ഇതുസംബന്ധിച്ച് നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട് …..
2025-06-21
