തിരുവനന്തപുരം: എകെജി പഠനഗവേഷണ കേന്ദ്രം ഈ മാസം 21നും 22നും തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്‌ട്ര പഠന കോൺഗ്രസിൽ ചർച്ച ചെയ്യാൻ ഭാവികേരളത്തിന്റെ പുരോഗതിക്കുതകുന്ന നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കണമെന്നഭ്യർഥിച്ച് പരിപാടിയുടെ മുഖ്യ രക്ഷാധികാരി എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 25,000 പേർക്ക് കത്തയച്ചു. അക്കാദമിക് പണ്ഡിതർ, നയരൂപീകരണ വിദഗ്‌ദ്ധർ, സാമൂഹ്യപ്രവർത്തകർ, *ഗവേഷകർ,* വിദ്യാർഥികൾ തുടങ്ങി സമസ്‌തമേഖലയിലുമുള്ളവരെ ഒന്നിച്ചുകൊണ്ടുവന്ന് അവരുടെ അഭിപ്രായം നാടിന്റെ ഭാവിവികസനത്തിന് രൂപപ്പെടുത്തുകയാണ് പഠനകോൺഗ്രസിന്റെ ലക്ഷ്യമെന്ന് കത്തിൽ വ്യക്തമാക്കുന്നു.
ഇഎംഎസിന്റെ നേതൃത്വത്തിൽ 1994 ലാണ് ആദ്യ പഠനകോൺഗ്രസ് നടത്തിയത്. തുടർന്ന് 2005, 2011, 2016 വർഷങ്ങളിലും സംഘടിപ്പിച്ചു. നാല് പഠനകോൺഗ്രസിലും പങ്കെടുത്ത പതിനായിരക്കണക്കിന് വിദഗ്‌ദ്ധരുടെ അറിവുകളും അഭിപ്രായങ്ങളും കേരള വികസനത്തിനുള്ള നയരൂപീകരണത്തിന് നാഴികക്കല്ലായി.
അഞ്ചാം പഠന കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രേഖകൾ തയ്യാറാക്കാൻ പതിനായിരത്തിലധികം പേർ പങ്കെടുത്ത എട്ട് സെമിനാറുകൾ നടത്തിയിരുന്നു. 44 ഫോക്കസ് ഗ്രൂപ്പുകളാണ് അന്തിമരേഖകൾ തയ്യാറാക്കാനായി പ്രവർത്തിക്കുന്നത്. 3000 പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഗ്രസിൽ അതത് മേഖലയിലെ വിദഗ്‌ദ്ധരെ ഉൾപ്പെടുത്തി 45 സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ, നാല് *സിമ്പോസിയവും* സംഘടിപ്പിച്ചിട്ടുണ്ട്. വിദഗ്‌ദ്ധർ മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങൾ ചർച്ചചെയ്‌ത് പഠനകോൺഗ്രസ് കേരളത്തിന്റെ വികസന അജണ്ടക്ക് അന്തിമരൂപം നൽകുമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
