തിരുവനന്തപുരം: എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് കേരള ബി ജെ പി നേതൃത്വത്തെ അറിയിച്ചു. നവംബർ പകുതിയോടെ സർവ്വീസ് ആരംഭിക്കും. കേന്ദ്ര റെയിൽ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. കേരളത്തിന് മൂന്നാമത് വന്ദേ ഭാരത് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി പറയുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. നവംബർ പകുതിയോടെ ഈ ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്. പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ.എസ്. സുരേഷ്, ബി ജെ പി ജില്ലാ പ്രസിഡന്റുമാരായ പ്രശാന്ത് ശിവൻ, കെ.എസ്. ഷൈജു, വേണുഗോപാൽ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
