തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് സമിറ്റ് – 2025 നോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കേരള ജനമൈത്രി പോലീസും സംയുക്തമായി നിയമ അവബോധ
നാടകം ‘അറിയണം ഇതൊക്കെ അറിയണം നമ്മൾ ‘ അവതരിപ്പിച്ചു.
പ്രമേയത്താലും അഭിനയ മികവിനാലും ഉയർന്ന നിലവാരം പുലർത്തിയ നാടകം വിദ്യാർത്ഥികൾ ഉൾപ്പെടെ നാടകം കാണാൻ എത്തിയവർക്ക് നല്ല അനുഭവമാണ് സമ്മാനിച്ചത്.
ശരവണന്റെയും കനകമ്മയുടെയും ജീവിതത്തിലൂടെ പുരോഗമിക്കുന്ന കഥ അവരുടെ മകനായ ശ്യാമിന്റെ ലഹരി ഉപയോഗത്തിനെക്കുറിച്ചും വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും അത്തരം സന്ദർഭങ്ങളിലെല്ലാം ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും സാന്നിധ്യവും സഹായവും എപ്രകാരം ലഭിക്കും എന്നതാണ് 45 മിനിട്ട് ദൈർഘ്യമുള്ള നാടകത്തിലൂടെ അവതരിപ്പിച്ചത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ഷംനാദിന്റെ ആശയത്തിൽ സംവിധായകനും എഴുത്തുകാരനുമായ അനിൽ കാരേറ്റ് ആണ് നാടകം രംഗത്ത് എത്തിച്ചത്. ജനമൈത്രി നാടക സംഘ ത്തിലെ പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാ , ആര്യാദേവി സുഭാഷ്, സുനിൽകുമാർ, ഷംനാദ് , സുധർമൻ, രതീഷ് ,ദിവ്യ എന്നിവരും ലീഗൽ സർവീസസ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരായ നിസാറുദ്ദീൻ, രേവതി തുടങ്ങിയവരും വേഷമിട്ടു.
