ഡോ പി. പൽപ്പു (1863-1950)ഇന്ന് 76-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

എല്ലാവിധ പ്രതിബന്ധങ്ങളോടും മല്ലടിച്ചു സ്വയം ഉയരുകയും താനുൾപ്പെട്ട സമുദായത്തിൻ്റെയും പിന്നോക്ക ജനവിഭാഗങ്ങളുടെയാകെയും ഉന്നതിക്കു വേണ്ടി അശ്രാന്തം പോരാടുകയും ചെയ്തസാമൂഹ്യ പരിഷ്കർത്താവാണ് ഡോ. പി. പൽപ്പു.തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടികുടുംബത്തിൽ പത്മനാഭൻ്റെയും നെടുങ്ങോട്ടു കുടുംബത്തിൽ പപ്പമ്മ എന്ന മാതപ്പെരുമാളിൻ്റെയും പുത്രനായി 1863 നവംബർ 2-ാം തീയതി ജനിച്ചു. പേട്ടയിൽ രാമൻപിള്ള ആശാൻ്റെ കുടിപ്പള്ളിക്കുടത്തിൽ പ്രാഥമിക പഠനത്തിനു ശേഷം പേട്ടയിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ഫെർണാണ്ടസ് സായിപ്പിൻ്റെ ശിഷ്യനായി 3 കൊല്ലം പഠിച്ചു. തുടർന്ന് തിരുവനന്തപുരം ഇംഗ്ലീഷ് സ്കൂളിൽ നിന്നു 1883-ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായി. വൈദ്യവിദ്യാഭ്യാസത്തിനുള്ള പ്രവേശനപ്പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയെങ്കിലും പ്രായം കൂടിയെന്ന കാരണത്താൽ സെലക്ഷൻ ലിസ്റ്റിൽ പേരുണ്ടായിരുന്നില്ല. തുടർന്ന് 1885-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ എൽ.എം.എസ് കോഴ്സിനു ചേർന്നു. വിജയിയായി നാട്ടിൽ വന്നപ്പോൾ തിരുവിതാംകൂറിൽജോലി ലഭിച്ചില്ല. ഗതിമുട്ടിയ ഡോ. പൽപ്പു ബ്രിട്ടീഷ് സർക്കാരിനെ അഭയം പ്രാപിച്ചു. മദ്രാസിൽ വാക്സിൻ ഡിപ്പോ സുപ്രണ്ടായി ജോലി കിട്ടി. തുടർന്ന് 1891-ൽ മൈസൂർ മെഡിക്കൽ സർവീസിൽ ചേർന്ന ഡോ പി പൽപ്പു പ്ലേഗുരോഗബാധിതമായനഗരത്തിൽ നടത്തിയ ത്യാഗപൂർണമായ സേവനം സർക്കാരിൻ്റെ പ്രശംസ പിടിച്ചുപറ്റി. 1898-ൽ മൈസൂർ ഗവൺമെൻ്റ് ഉപരിപഠനാർത്ഥം അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്കയച്ചു. ഡി. പി.എച്ച് മുതലായ ബിരുദങ്ങൾ സമ്പാദിച്ചു. 1900-ൽ മൈസൂർ ഡെപ്യൂട്ടി സാനിട്ടറി കമ്മീഷണർ, ഹെൽത്ത് ഡയറക്ടർ, ജയിൽ സുപ്രണ്ട് എന്നീ ഉദ്യോഗകൾവഹിച്ചു. 1917 മുതൽ 1918 വരെ ബറോഡ സർക്കാരിൻ്റെ ആരോഗ്യകാര്യ ഉപദേഷ്ടാവായി.തിരികെ മൈസൂർ ജയിൽ സൂപ്രണ്ട് ആയിരിക്കുമ്പോൾ 1920-ൽപെൻഷൻപറ്റി. ഉദ്യോഗ കാലത്ത് ഈഴവർ തുടങ്ങിയുള്ള അവശസമുദായങ്ങളുടെ സമുന്നതിക്കു വേണ്ടി ശക്തമായി പ്രതികരിച്ചു തുടങ്ങി. ഡോ. പി.പൽപ്പു പിന്നോക്ക സമുദായങ്ങൾക്കു വേണ്ടി പലപത്രമാസികകളിലും ഉജ്വല ലേഖനങ്ങളിലൂടെ വീറോടെ വാദിച്ചു. 1895-ൽ പൂനയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പിന്നോക്ക സമുദായക്കാരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജി.പി.പിള്ളയ്ക്ക് പ്രചോദനം നൽകിയത് ഡോ. പി.പൽപ്പുവാണ്.

ഈഴവരുടെ സ്കൂൾ പ്രവേശനത്തിനും സർക്കാർ ഉദ്യോഗത്തിനുള്ള അവകാശത്തിനും ഊന്നൽ നൽകിക്കൊണ്ട് 13176 പേർ ഒപ്പിട്ട ഒരു ഭീമ ഹർജി അദ്ദേഹം തിരുവിതാംകൂർ ഗവൺമെൻ്റിനു സമർപ്പിച്ചു. തൻ്റെ അനുഭവങ്ങൾ ക്രോഡീകരിച്ച് 1896-ൽ “Treatment of Thiyyas in Travancore” എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. സംഘടിച്ചു ശക്തി നേടുക എന്ന ശ്രീ നാരായണ ഗുരുവിൻ്റെ മഹാസന്ദേശം ഉൾക്കൊണ്ട് എസ്.എൻ.ഡി.പി സംഘടനയ്ക്കു രൂപംനൽകാൻ ഡോ. പി പൽപ്പു മുൻകൈയെടുത്തു. അതിനുവളരെമുമ്പ് തന്നെ സ്വാമി വിവേകാനന്ദനെയും അദ്ദേഹം കണ്ട് അനുഗ്രഹനിർദ്ദേശങ്ങൾ വാങ്ങിയിരുന്നു. ശ്രീ നാരായണഗുരു, ഡോ പി.പൽപ്പു , മഹാകവി കുമാരനാശാൻ എന്നിവരായിരുന്നു എസ്.എൻ.ഡി.പി സംഘടനയുടെ ആദ്യകാല സൂത്രധാരർ. ഭാര്യ പെരുന്നെല്ലി കൃഷ്ണൻ വൈദ്യരുടെ സഹോദരി പി.കെ.ഭഗവതിഅമ്മ , പ്രശസ്ത പത്രപ്രവർത്തകനായിരുന്നു പി. ഗംഗാധരൻ,ശ്രീനാരായണഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുംഗുരുകുലം സ്ഥാപകനുമായ ഡോ. നടരാജഗുരു ,ബാംഗ്ലൂർ കോട്ടേജ് ഇൻഡസ്ട്രീസ് ഡയറക്ടറായിരുന്ന പി. ഹരിഹരൻ, ആനന്ദലക്ഷ്മി, ദാക്ഷായണി എന്നിവർ അദ്ദേഹത്തിൻ്റെമക്കളാണ്.ഈഴവ സമുദായത്തിൽനിന്ന് ആദ്യ ബി.എ ബിരുദം നേടിയ റാവുബഹദൂർ പി.വേലായുധൻ ,ശ്രീനാരായണഗുരുദേവൻ ഗൃഹസ്ഥ ശിഷ്യനും ശ്രീമൂലം പ്രജാസഭാംഗവും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന പി.പരമേശ്വരൻ,പ്രമുഖ വൈദ്യരും ശ്രീമൂലംപ്രജാസഭ അംഗവും എസ്എൻഡിപി യോഗത്തിൻ്റെ പ്രസിഡന്റുമായിരുന്ന പി മാധവൻ വൈദ്യർ, പി. താണുവൻ, മീനാക്ഷി,ഭവാനിഎന്നിവർ ഡോ. പി.പൽപ്പുവിൻ്റെസഹോദരങ്ങളാണ്. 1950 ജനുവരി 25 -ാം തീയതി പകൽ 11 മണിക്ക് ഡോ. പി.പൽപ്പു ലോകത്തോടുവിട പറഞ്ഞു. അദ്ദേഹത്തിൻ്റെ ജീവിതംധീരതയുടെയും പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും ഇതിഹാസമാണ് ഇന്നത്തെ തലമുറയ്ക്കും ഇനി പിറക്കാനിരിക്കുന്ന തലമുറകൾക്കും പ്രചോദനംകൊണ്ടേയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *