ചെങ്കോട്ട സ്ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ1 min read

 

ന്യൂഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചു. കേസ് ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ഡൽഹി പൊലീസിൽ നിന്ന് കേസിന്റെ രേഖകൾ സംഘം ഏറ്റെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

അതേസമയം, ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ 300 കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഭീകരസംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്. 300 കിലോ സ്ഫോടക വസ്തുക്കൾ കൂടി കണ്ടെത്താനുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.

സ്ഫോടന കേസ് എൻഐഎക്ക് കൈമാറിയെങ്കിലും ഭീകരരുടെ അറസ്റ്റുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് ഇപ്പോഴും അന്വേഷിക്കുന്നത് ഹരിയാന പൊലീസാണ്. ജമ്മു കശ്മീർ പൊലീസും അന്വേഷണത്തിന്റെ ഭാഗമായുണ്ട്. ഡൽഹിയിൽ സ്ഫോടനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്രയും സ്ഫോടക വസ്തുക്കൾ ഭീകരർ എത്തിച്ചതെന്നാണ് പൊലീസിന് അന്വേഷണത്തിനിടെ ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *