ബ്രഹ്മശ്രീ. നീലകണ്ഠതീർത്ഥപാദർ (1872- 1921) ഇന്ന് 104-ാം മഹാസമാധിദിനം… സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

ചട്ടമ്പിസ്വാമിതിരുവടികളുടെ ശിഷ്യ പ്രധാന നായിരുന്ന നീലകണ്ഠതീർത്ഥപാദർ കൊല്ലവർഷം 1047 ഇടവം13-ാം തീയതി തൃക്കേട്ട നാളിൽ മൂവാറ്റുപുഴയിൽ ജനിച്ചു. വിദ്യാഭ്യാസ കാലത്ത് നീലകണ്ഠതീർത്ഥസ്വാമി യഥാർത്ഥ വിഷ്ണുഭക്തനായി പരിണമിച്ചു. ഭക്തി കൂടി വന്നപ്പോൾ ജപധ്യാനങ്ങളിൽ സമയം കഴിച്ചു. 20-ാംമത്തെ വയസ്സിൽ വേദാന്ത ചിന്തയിൽ നിമഗ്നനായിത്തീർന്നു. കുറച്ചുകാലം സ്വദേശത്ത് മൂവാറ്റുപുഴയ്ക്കടുത്ത് തിരുമാറാടിയിൽ ഒരു ആശാനായി കഴിച്ചു കൂട്ടി. ആയിടയ്ക്കാണ് ഉത്തര തിരുവിതാംകൂറിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ചട്ടമ്പിസ്വാമികളെ അദ്ദേഹം കണ്ടുമുട്ടുന്നത്. ചട്ടമ്പിസ്വാമികളിൽ നിന്ന് അദ്ദേഹത്തിന് ബ്രഹ്മോപദേശം ലഭിച്ചു. ചട്ടമ്പിസ്വാമികളുടെ ഉപദേശങ്ങൾ ഗ്രന്ഥങ്ങൾ മുഖേന പ്രചരിപ്പിക്കുവാനാണ് നീലകണ്ഠതീർത്ഥപാദർ സ്വാമികൾ ശ്രമിച്ചത്. “ആചാരപദ്ധതി “, ”ദേവാർച്ചാ പദ്ധതി “, “ബ്രഹ്മാഞ്ജലി “, എന്നിവ രചിച്ച് നായന്മാരുടെ മതപരമായ സംസ്കാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വ്യവസ്ഥയുണ്ടാക്കുവാൻ നീലകണ്ഠതീർത്ഥപാദർ സ്വാമികൾ ശ്രമിച്ചു. സ്വന്ത പരിശ്രമം കൊണ്ട് സംസ്കൃതത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിൽ സ്വാമികൾ പരിജ്ഞാനം നേടി. ഭാരതത്തിൽ അങ്ങോളമിങ്ങോളംസഞ്ചരിച്ച് വേദാന്ത വിചാരത്തിൻ്റെ ഗഹനത വർദ്ധിപ്പിച്ചു. മലയാളത്തിലും സംസ്കൃതത്തിലുമായി “അദ്വൈത പാരിജാതം” , “യോഗ രഹസ്യ കൗമുദി “, “ആനന്ദ മന്ദാരം “, “ശ്രീരാമഗീത ഭാഷ ” , “ശിവാമൃതം” , “വിധുസ്തവ മധു ദ്രവം”, “വിധു നവസുധാത്സരി “, “യോഗ മഞ്ജരി “, “അച്യുതാനന്ദലഹരി ” എന്നിങ്ങനെ 40-ൽ പരം വിശിഷ്ട ഗ്രന്ഥങ്ങൾ സ്വാമികൾ രചിക്കപ്പെട്ടു. 1921 കർക്കടകം 23-ാം തീയതി കരുനാഗപ്പള്ളി താഴത്തോട്ടത്തു മoത്തിൽ വച്ച് 49-ാംമത്തെ വയസ്സിൽ നീലകണ്ഠതീർത്ഥപാദസ്വാമികൾ മഹാസമാധിയായി.

Leave a Reply

Your email address will not be published. Required fields are marked *