തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വ ബോർഡ് ചെയർമാനും രാജിവയ്ക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിൻ്റെ കഴിഞ്ഞ മുപ്പതു വർഷത്തെ നടപടികൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കഴിഞ്ഞ 30 വർഷത്തെ ദേവസ്വം വിജിലൻസ് റിപ്പോർട്ടുകൾ പുറത്ത് വിടണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണമോഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് നടത്തിയ ബിജെപി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
എല്ലാം ശരിയാക്കുമെന്ന വാഗ്ധാനമാണ് പത്ത് വർഷം മുമ്പ് പിണറായി വിജയൻ ജനങ്ങൾക്ക് നൽകിയത്. എന്നാൽ പത്ത് വർഷം ഭരിച്ചിട്ടും ഒന്നും ശരിയായിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ, സഹകരണ മേഖലകളിലെല്ലാം അനാസ്ഥയും അഴിമതിയും കൊള്ളയും തുടരുകയാണ്. കോൺഗ്രസ് പാർട്ടിയുടെ അഴിമതിക്കാര്യത്തിലെ റെക്കോഡ് പൊളിക്കാൻ ശ്രമിക്കുകയാണ് സിപിഎം. ദേവസ്വം ബോർഡും ക്ഷേത്രങ്ങളുമെല്ലാം സിപിഎം ദല്ലാൾമാർക്ക് കൊള്ള നടത്താനുള്ള കേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കില്ല..
വിശ്വാസികൾക്ക് നേരെയും ക്ഷേത്രങ്ങൾക്ക് നേരെയും പത്ത് വർഷമായി തുടരുന്ന വിവേചങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പവിത്രമായ ശബരിമലയിൽ നിന്ന് പോലും കൊള്ള നടത്തുകയാണ് സിപിഎം ദല്ലാൾമാർ. കോൺഗ്രസിൻ്റെ അഴിമതിക്കാലത്ത് സമരം ചെയ്യുമ്പോൾ പിണറായി പറഞ്ഞ ഒരു കാര്യമുണ്ട്, ഒരു ഭരണാധികാരിക്ക് ജനങ്ങളോട് പ്രതിബദ്ധത വേണം, ഒപ്പം അൽപ്പം ഉളുപ്പും വേണം. ഇന്ന് ഇത് രണ്ടുമില്ലാത്ത മുഖ്യമന്ത്രിയായി പിണറായി മാറിയിരിക്കുകയാണ്. അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്നും പിണറായി അന്ന് പറഞ്ഞിരുന്നു. ഇന്ന് ഇതു രണ്ടുമില്ലാത്ത ഭരണാധികാരിയായി പിണറായി തുടരുകയാണ്. ശബരിമലയിൽ നടക്കുന്നത് പോലുള്ള കൊള്ള എന്ത് കൊണ്ട് ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്നു. മറ്റ് മതസ്ഥരുടെ ആരാധാനാലയങ്ങളിൽ ഇത് നടക്കുന്നില്ല. ഭരണഘടനയെ പറ്റി സംസാരിക്കുന്ന കോൺഗ്രസും സിപിഎമ്മും എന്ത് കൊണ്ടാണ് ഹിന്ദുക്കൾക്ക് നേരെയുള്ള വിവേചനം കണ്ടില്ലെന്ന് നടിക്കുന്നത്. ഇനി ഹിന്ദുക്കളോടുള്ള ഈ വിവേചനം ബിജെപി അനുവദിക്കില്ല. ജമാ അത്തെ ഇസ്ലാമിയോടും മദനിയോടും പ്രതിബദ്ധതയുള്ള പിണറായി വിജയനും വി ഡി സതീശനും പ്രിയങ്കാ ഗാന്ധിയും ഇക്കാര്യംമനസിലാക്കണം. ഇനി ഹിന്ദു സമുദായത്തിന് നേരെ വിവേചനം തുടരാൻ ബിജെപി അനുവദിക്കില്ല. അതിനായി ബിജെപിയുടെ മുഴുവൻ പ്രവർത്തകരും ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ശ്രീകോവിലിലെ സ്വർണം ഭരണാധികാരികൾ തന്നെ അടിച്ച് മാറ്റിയ സംഭവമാണ് ശബരിമലയിൽ നടന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പല സംസ്ഥാനങ്ങളിൽ ദ്വാരപാലക ശിൽപ്പം കാഴ്ചവസ്തു ആക്കിയതിലൂടെ ശബരിമലയുടെ പരിശുദ്ധിയ്ക്ക് കളങ്കമേറ്റിരിക്കുകയാണ്. എന്ത് ചോദിച്ചാലും ‘എനക്കറിയില്ല’ എന്ന മറുപടിയാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രസിഡൻ്റും പറയുന്നത്. തിരവനന്തപുരത്ത്കാരനായ അന്നത്തെ ദേവസ്വം മന്ത്രി തലയിൽ മുണ്ടിട്ട് നടക്കുകയാണ്. കാരണം, കട്ടതിൻ്റെ പൂട തലയിൽ കാണുമോ എന്ന സംശയമാണ്. കടകംപള്ളി സുരേന്ദ്രന് അധികകാലം ഇങ്ങനെ തലയിൽ മുണ്ടിട്ട് നടക്കാൻ കഴിയില്ല. ഈ നാട്ടിലെ അയ്യപ്പ ഭക്തർ ഇവരെകൊണ്ടൊക്കെ മറുപടി പറയിക്കും. ശബരിമലയിൽ നടന്നത് പകൽക്കൊള്ളയാണ്.
അയ്യപ്പൻ്റെ സ്വർണം തിരിച്ചു കിട്ടുംവരെ ബിജെപി സമരപാതയിൽ തുടരുമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
ക്ലിഫ് ഹൗസ് മാർച്ചിൽ ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, അഡ്വ.പി.സുധീർ, കെ.സോമൻ, വി.വി.രാജേഷ്, എൻ.ഹരി, തിരുവനന്തപുരം
സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ റജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
