വോട്ടർ പട്ടികയിലെയും വാർഡ് വിഭജനത്തിലെയും ഗുരുതര പിഴവുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും: ബിജെപി1 min read

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ഗുരുതര പിഴവുകൾ ഉടൻ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു.

ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പരിഹരിച്ചില്ലെങ്കിൽ, ഹൈക്കോടതിയിലുൾപ്പെടെ നിയമനടപടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും ബിജെപി ജനറൽ സെക്രട്ടറി പ്രസ്താവിച്ചു.
തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാന രേഖയാണ് വോട്ടർ പട്ടിക. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടർ പട്ടികയിൽ ഗുരുതര പിഴവുകളാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. പലതും മനപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ സംശയം.
തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതുമുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തിൽ ഇല്ലാത്ത തരത്തിലുള്ള പ്രശ്നങ്ങൾ വോട്ടർ പട്ടികയിൽ കടന്നുകൂടിയത്.
ബിജെപി ഉയർത്തിയ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട്‌ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരേ വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് പലയിടങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തത് ഗുരുതര ക്രിമിനൽ കുറ്റകൃത്യമാണ്. ആൾമാറാട്ടം, രേഖകളിൽ തിരുമറി കാണിക്കുക തുടങ്ങിയ എല്ലാ കുറ്റങ്ങളും ഇതിന്റെ ഭാഗമായി വരും.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തരമായി ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.
ഒരു ഐഡി കാർഡിൽ പലയിടങ്ങളിൽ പല പേരുകളിൽ വോട്ട് ചേർത്തിട്ടുള്ളത് കണ്ടെത്തി, അത് നീക്കം ചെയ്യാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. ഇത് ബോധപൂർവ്വം ഉണ്ടായ ക്രമക്കേടാണ്.
ഒരു തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പലയിടങ്ങളിൽ വോട്ട് ചേർത്ത ആളുകൾക്ക് നോട്ടീസ് അയച്ച് ആ വോട്ടുകൾ നീക്കം ചെയ്യാനുള്ള തുടർനടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം.
തിരുവനന്തപുരം നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇന്നലെ ബിജെപി പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഈ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ഹൈക്കോടതിയിലുൾപ്പെടെ നിയമ നടപടികളുമായി മുന്നോട്ടുപോകാനും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ആണ് ബിജെപിയുടെ തീരുമാനമെന്നും ബിജെപി ജനറൽ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *