ബിനീഷ് കോടിയേരിക്ക് തിരിച്ചടി ;കള്ളപ്പണ കേസിൽ പ്രതിയായി തുടരും1 min read

16/6/23

ബംഗളൂരു :കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ബിനീഷ് സമര്‍പ്പിച്ച ഹര്‍ജി ബംഗളൂരു സിറ്റി സെഷൻസ് കോടതി തള്ളി. കേസില്‍ ഏതാണ്ട് ഒരുവര്‍ഷത്തിനടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ച ബിനീഷ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

2020 ഓഗസ്‌റ്റില്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌തിരുന്നു. അനൂപിനെ ചോദ്യം ചെയ്‌തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചും ബിനീഷിന്റെ ബന്ധങ്ങളെപ്പറ്റിയും സൂചനകള്‍ ഉയര്‍ന്നുവന്നു.തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസില്‍ ബിനീഷ് നാലാം പ്രതിയായി. അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തുന്നതിന് പണം വായ്‌പ നല്‍കിയെന്നല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ പണമിടപാടുകളുടെ സൂചനകള്‍ നോക്കി ബിനീഷ് അറസ്‌റ്റിലായിരുന്നു.

ബംഗളൂരു 34ാം അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷൻസ് കോടതിയാണ് ബിനീഷിന്റെ ഹര്‍ജി തള്ളിയത്. ഇതിന്റെ കാരണമായി പറയുന്നവ ഇവയാണ്. രേഖകളൊന്നുമില്ലാതെ ബിനീഷ് മുഹമ്മദ് അനൂപിന് 40 ലക്ഷം രൂപ കടം നല്‍കി. അനൂപ് കടക്കെണിയിലായിട്ടും കടം നല്‍കിയ പണം തിരികെപിടിക്കാൻ ബിനീഷ് ശ്രമിച്ചില്ല. ബിനീഷ്, മുഹമ്മദ് അനൂപ്, ഒരു വനിതാ സുഹൃത്ത്, മറ്റ് രണ്ടുപേര്‍ എന്നിവര്‍‌ക്കൊപ്പം പാര്‍ട്ടിയില്‍ കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന സാക്ഷി മൊഴി. റോയല്‍ സ്യൂട്ട് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ ഇരുവരും കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന മറ്റൊരു സാക്ഷിമൊഴി.

മുഹമ്മദ് അനൂപിനൊപ്പം ലഹരിയുപയോഗിച്ച ബിനീഷിന് ഇയാളുടെ ബിസിനസിനെക്കുറിച്ചും ദുശീലത്തെക്കുറിച്ചും നന്നായറിയാമായിരിക്കും എന്ന് കോടതി നിരീക്ഷിച്ചു. ലഹരിയിടപാടില്‍ അനൂപ് മുഹമ്മദിനൊപ്പം ബിനീഷിന് പങ്കെന്താണെന്ന് കോടതിയ്‌ക്ക് സംശയമുണ്ട്. ലഹരിക്കടത്തില്‍ പ്രതിയല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയല്ലാതാകില്ലെന്നും കോടതി അറിയിച്ചു. ഇക്കാരണത്താല്‍ ഹര്‍ജി കോടതി തള്ളിയതോടെ കേസില്‍ ബിനീഷ് പ്രതിയായി തുടരും.

Leave a Reply