പ്രകൃതി ദത്തമായ, പരിസ്ഥിതി സൗഹൃദമായ ഭക്ഷണമാണ് ആരോഗ്യകരം, അതാണ് ശരിയായ ഭക്ഷണം കഴിക്കുന്നതിൻ്റെ സംസ്കാരം. നമ്മൾ കഴിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളുടെ പ ട്ടിക തയ്യാറാക്കാൻ ശ്രമിച്ചാൽ അധിക മാർക്കും 20 ൽ കൂടുതൽ ചിന്തിക്കാൻ കഴിയില്ല. ആധുനികജീവിതശൈലി പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തെ ഏതാണ്ട് വിച്ഛേദിച്ചു. നാം ആദിവാസി ജീവിത ശൈലിയും ഭക്ഷണക്രമവും ശ്രദ്ധിച്ചാൽ ഏകദേശം 1500 ൽ പരം ഭക്ഷ്യ ഇനങ്ങളെക്കുറിച്ച് പഠിക്കുവാൻ കഴിയും. ഇവയെല്ലാം ഈ ഗോത്രങ്ങൾക്ക് ഭക്ഷ്യ സുരക്ഷ അഥവാ പോഷകാഹാര സുരക്ഷ നൽകുക മാത്രമല്ല, പ്രകൃതിയുടെ ഔദാര്യം സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ പരമ്പരാഗതമായ ഭക്ഷ്യസമ്പ്രദായങ്ങളെക്കുറിച്ച് ശരിയായ ധാരണയും അവയിൽ അഭിമാനവും ഉണ്ടായാൽ മാത്രമേ ശരിയായ ഭക്ഷണ സംസ്കാരം വളർന്നു വരികയുള്ളൂ.
ലോകസസ്യാഹാരദിനം, (ലോക വെജിറ്റേറിയൻ ദിനം),ഒക്ടോബർ 1
എല്ലാ വർഷവും ഒക്ടോബർ 1 ലോക സസ്യാഹാര ദിനമായി ആചരിക്കപ്പെടുന്നു.1977 ൽ നോർത്ത് അമേരിക്കയിൽ വെജിറ്റേറിയൻ സൊസൈറ്റി ആരംഭിച്ച ഈ ദിനം1978 ൽ ഇൻ്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ അംഗീകരിച്ചു. സസ്യാഹാരം തെരഞ്ഞെടുക്കുന്നതിലൂടെ വ്യക്തികൾക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് പ്രധാന ലക്ഷ്യം.
ഈ ദിനാചരണം ആനുകാലികമായി വളരെ പ്രാധാന്യമുള്ള വിഷയമാണ്. സമീകൃതാഹാരത്തിൻ്റെ അപര്യാപ്തതയും, പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വിവിധ തരം ക്യാൻസറുകൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ, പോഷകാഹാരക്കുറവുകൊണ്ടുണ്ടാകുന്ന അസുഖങ്ങൾ തുടങ്ങിയവ അനിയന്ത്രിതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷണ ശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് ഇവ നിയന്ത്രിക്കാനാവും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നിരവധി ഗുണങ്ങളാണ് സ സ്യാഹാരത്തിനുള്ളത്, ഇവ ശരീരത്തിലെ ഊർജ്ജവും യുവത്വവും നിലനിർത്താൻ സഹായിക്കും. ഇല വർഗ്ഗങ്ങൾ, മറ്റു പച്ചക്കറികൾ, കടല, പയറ്, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ മറ്റു വിറ്റാമിനുകൾ എന്നിവ പ്രദാനം ചെയ്യുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സസ്യാഹാരം അവശ്യം വേണ്ടതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, പോഷകഘടകങ്ങൾ, നാരുകൾ, പൊട്ടാസ്യം, മറ്റു ധാതുക്കൾ എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം ക്യാൻസർ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു, കിവിപ്പഴം, ഓട്സ് ഇവ വളരനല്ലതാണ്. ഈ അവസരത്തിൽ *ബാലൻസ്ഡ് ഡയറ്റ് അഥവാ സമീകൃതാഹാരം* എന്താണെന്ന് നാം ചിന്തിക്കണം. ഇതിൽ നാൽപ്പത് ശതമാനം പഴ വർഗ്ഗങ്ങളും പച്ചക്കറികളും, ഇരുപത്തിഅഞ്ച് ശതമാനം വീതം പ്രോട്ടീനും നാരു കൂടുതലുള്ള അന്നജവും, പത്തുശതമാനം മാത്രം കൊഴുപ്പും അഥവാ ഫാറ്റും ഉണ്ടാവണം.
ചീര, കാബേജ്, പാവയ്ക്ക, കോളിഫ്ലവർ, വെണ്ടയ്ക്ക, തക്കാളി, ക്യാരറ്റ്, പയറുവർഗ്ഗങ്ങൾ, പപ്പായ, പേരക്ക, നെല്ലിക്ക, വാഴപ്പഴം തുടങ്ങിയവ സസ്യാഹാരങ്ങളിൽ ഗുണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഇവയിലെല്ലാം വിറ്റാമിൻ എ ബി സി ഇ കെ, കാൽസ്യം, ഇരുമ്പ്, ആൻ്റിഓക്സിഡൻറുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസിയം തുടങ്ങിയവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഓരോ പച്ചക്കറികളിലും ഇവ വ്യത്യസ്തമായ അളവിൽ കാണപ്പെടുന്നു. സസ്യാഹാരം കൃത്യമായ അളവിൽ കഴിക്കുന്നത് ആരോഗ്യകരമായ ശാരീരിക മാനസിക അവസ്ഥ നിലനിർത്തുവാൻ അത്യന്താപേക്ഷിതമാണ്.

ഡോ. ഡി.രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ ആരോഗ്യഭാരതി.
