തിരുവനന്തപുരം :ആശാ സമരത്തിൻ്റെ അഞ്ചാം ഘട്ടമായ പഞ്ചായത്ത് കേന്ദ്രീകരിച്ച പ്രതിഷേധ സദസ്സിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 14 ന് വൈകു. 4 മണിക്ക് വിഴിഞ്ഞം കരുംകുളം പഞ്ചായത്തിലെ
പുതിയതുറ ജംഗ്ഷനിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിക്കും.
ആശമാർക്ക് ഓണറേറിയം വർദ്ധിപ്പിക്കുകയില്ലെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പിച്ച് പറഞ്ഞ സാഹചര്യത്തിൽ കേരളത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സദസ്സുകൾക്ക് പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്. ആശമാരുടെ ഓണറേറിയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി ട്രേഡ് യൂണിയനുകളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്ത സമയത്തുതന്നെ മുഖ്യമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചതിൽ നിന്നും വ്യക്തമാകുന്നത് കമ്മിറ്റി രൂപീകരണം പ്രഹസനമാക്കുമെന്നാണ്.
ഐതിഹാസികമായ പിന്തുണ നേടിയ ഒരു സ്ത്രീതൊഴിലാളി സമരത്തെ അങ്ങേയറ്റം ക്രൂരമനഃസ്ഥിതിയോടെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരള ചരിത്രത്തിൽ തൊഴിലാളി പ്രസ്ഥാനത്തിൻ്റെ പ്രതിനായകനായി മാത്രമേ അറിയപ്പെടുകയുള്ളൂ. അധികാര പ്രമത്തത കൊണ്ട് തൊഴിലാളി സമരത്തെ നേരിടാൻ എക്കാലവും കഴിയില്ലെന്ന് ആശാസമരം ഈ ഭരണാധികാരികളെ പഠിപ്പിക്കും.
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തിയ രാപകൽ സമരയാത്രപോലെ, 1000 പ്രതിഷേധ സദസ്സുകളും സംസ്ഥാനത്ത് ഒരു പ്രചണ്ഡമായ തൊഴിലാളി മുന്നേറ്റമായി തീരും. സംസ്ഥാനത്തിൻ്റെ തെക്കെയറ്റത്തെ പഞ്ചായത്തായ കരുംകുളത്തു നിന്നും രാപകൽ സമരത്തിൻ്റെ 156-ാം ദിനം ഈ മുന്നേറ്റം ആരംഭിക്കുകയാണന്ന് കെ എ എച്ച് ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
