തിരുവനന്തപുരം :ആശാവർക്കർമാർക്ക് നൽകുന്ന ഇൻസന്റീവുകളും വിരമിക്കൽ ആനുകൂല്യവും പരിമിതമായ തോതിലെങ്കിലും വർദ്ധിപ്പിക്കാനായി ദേശീയ ആരോഗ്യ മിഷൻ കൈക്കൊണ്ട തീരുമാനത്തെ, കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെ എ എച്ച് ഡബ്ല്യു എ) സംസ്ഥാന പ്രസിഡണ്ട് വി.കെ.സദാനന്ദനും ജനറൽ സെക്രട്ടറി എം.എ.ബിന്ദുവും സ്വാഗതം ചെയ്തു. ആശമാർ നേരിടുന്ന ഞെട്ടിക്കുന്ന ചൂഷണം രാജ്യത്തിന്റെ തൊഴിൽ മേഖല അഭിമുഖീകരിക്കുന്ന അതീവ ഗൗരവതരമായ വിഷയമായി ഉയർത്തിക്കൊണ്ടുവന്നത് കേരളത്തിൽ പടുത്തുയർത്തപ്പെട്ട ആശാസമരമായിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിനു മുമ്പിൽ 2025 ഫെബ്രുവരി 10 മുതൽ നടന്നുവരുന്ന ആശാസമരത്തിന്റെ ആവശ്യങ്ങൾ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലുമായി അവതരിപ്പിച്ചു. ദേശീയ മാധ്യമങ്ങളിലും സാമൂഹ്യമണ്ഡലത്തിലൊന്നാകെയും ഉയർന്നുവന്ന ചർച്ചകൾ ആശമാരുടെ പ്രശ്നങ്ങൾ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവാത്ത സ്ഥിതി സൃഷ്ടിച്ചു. ഇപ്രകാരം കേരളത്തിലെ ആശാ സമരം ഉയർത്തിയ അതിശക്തമായ സാമൂഹ്യസമ്മർദ്ദത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് ആശമാരുടെ ഇൻസന്റീവ് വർദ്ധിപ്പിക്കുമെന്ന് രാജ്യസഭയിൽ പ്രഖ്യാപിക്കേണ്ടി വന്നത്. രാജ്യത്തെ പത്തുലക്ഷത്തോളം ആശമാർക്ക് പരിമിതമായ തോതിലെങ്കിലും ആശ്വാസമാകുന്ന, ദേശീയ ആരോഗ്യ മിഷൻ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള തീരുമാനം സംസ്ഥാ നത്തെ ആശമാർ നടത്തിക്കൊണ്ടിരിക്കുന്ന ഐതിഹാസികമായ സമരത്തിന്റെ നേട്ടമാണെന്നതിൽ ഒരു സന്ദേഹവുമില്ല.
ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഇൻസന്റീവ് ഉയർത്തേണ്ടത് കേന്ദ്രസർക്കാരാണെന്നും സമര വേദിയിലെത്തിയ കേന്ദ്രസർക്കാർ പ്രതിനിധികളോടും സംസ്ഥാനത്ത് നിന്നുള്ള എം.പിമാരോടും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ ഒന്നര പതിറ്റാണ്ടോളമായി വർദ്ധിപ്പിക്കാതെ നിലനിർത്തിയിരിക്കുന്ന തുഛമായ ഇൻസെന്റീവുകൾ വർധിപ്പിക്കാനായി സമ്മർദ്ദം ചെലുത്തണമെന്ന് അവരോട് അസോസിയേഷൻ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, സംഘടന നേരിട്ടും, സംഘടനയെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആൾ ഇന്ത്യ സ്കീം വർക്കേഴ്സ് ഫെഡറേഷൻ വഴിയും, പല തവണ നിവേദനങ്ങൾ സമർപ്പിക്കുകയും പാർലമെന്റിനു മുമ്പാകെ സമരങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അസോസിയേഷന്റെ ഈ ദിശയിലുള്ള പരിശ്രമങ്ങളുടെ കൂടി ഫലമാണ് ഇപ്പോഴത്തെ ഇൻസന്റീവ് വർദ്ധന,
കേന്ദ്രസർക്കാർ ഇൻസെന്റീവ് വർധിപ്പിച്ചാൽ തങ്ങൾ ഓണറേറിയം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന ഭരണാധികാരികൾ പലവട്ടം പറഞ്ഞിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ ഇൻസെന്റീവുകൾ വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വാക്കുപാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ച 20,000 രൂപ വിരമിക്കൽ ആനുകൂല്യം 50,000 രൂപയാക്കി വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ, ബംഗാൾ സർക്കാരിനെപ്പോലെ 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നൽകാൻ തയ്യാറാകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ നൽകുന്ന നിലവിലുള്ള ഫിക്സഡ് ഇൻസന്റീവിൽ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിച്ച് ഓണറേറിയം പകുതിയാക്കി വെട്ടിക്കുറയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ ദ്രോഹനടപടി ഉടൻ അവസാനിപ്പിക്കണം. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിച്ച് ഇനി യെങ്കിലും സമരം ഒത്തുതീർപ്പാക്കാനുള്ള വിവേകം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇൻസെന്റീവ് വർദ്ധനയുടെ കാര്യം എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റേതായി പാർലമെന്റിൽ ഉണ്ടായത്. കഴിഞ്ഞ മാർച്ച് നാലിന് നടന്ന എൻ എച്ച് എം ഉന്നതാധികാര സമിതിയായ മിഷൻ സ്റ്റിയറിങ്ങ് ഗ്രൂപ്പിന്റെ ഒമ്പതാമത് മീറ്റിംഗിൽ ഈ തീരുമാനം കൈക്കൊണ്ടതായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയ ആരോഗ്യ മിഷന്റെ വെബ് സൈറ്റിലും പാർലമെന്റിന്റെ രേഖകളിലും വന്നുകഴിഞ്ഞിട്ടുള്ള ഇൻസന്റീവ് വർദ്ധനയുടെ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണം എന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.