തിരുവനന്തപുരം :141 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിന്റെ അഞ്ചാം ഘട്ടമായി ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം സമരസഹായ സമിതികളുമായി സഹകരിച്ച് പഞ്ചായത്ത്/നഗരസഭ തലത്തിലാണ് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. 29 ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സമരം തദ്ദേശസ്ഥാപന തലത്തിലേക്ക് എത്തിക്കുന്നതിന് തീരുമാനമെടുത്തത്.
ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം ഉയർത്തിയ ഓണറേറിയ വർദ്ധന ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് സമരം നീളുന്നത്. ആരോഗ്യമന്ത്രിയുമായി മൂന്ന് തവണയും തൊഴിൽ മന്ത്രിയുമായി ഒരുതവണയും സമര നേതാക്കൾ ചർച്ച നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഇതിനിടെ വിവിധ മേഖലകളിൽ ആവശ്യപ്പെടാതെ തന്നെ സർക്കാർ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചതും അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കായി ഫണ്ട് നീക്കി വെച്ചതും ആശാവർക്കർമാരുടെ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനം വെളിവാക്കുന്നതായിരുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന തൊഴിലുകൾ സ്ഥിരമായി ചെയ്യുന്ന നിർധനരായ സ്ത്രീ തൊഴിലാളികളോടുള്ള ഈ സർക്കാർ സമീപനത്തിനെതിരെ ജനങ്ങളാകെ ആശമാർക്കൊപ്പം അണിനിരന്നു. സമരത്തിന്റെ നാലാം ഘട്ടമായി മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച സമരയാത്ര 45 ദിവസം കൊണ്ട് അയ്യായിരത്തോളം കിലോമീറ്റർ യാത്ര ചെയ്ത് ജൂൺ 18 ന് സമരവേദിയിൽ എത്തിച്ചേരുന്നത് വരെ 14 ജില്ലകളിലായി ഇരുനൂറോളം കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ യോഗങ്ങളിൽ ബഹുജനങ്ങൾ സമര യാത്രയ്ക്ക് നൽകിയ സ്വീകരണം ഇത് തെളിയിക്കുന്നതായിരുന്നു. 39 കേന്ദ്രങ്ങളിൽ തെരുവിൽ അന്തിയുറങ്ങി മുന്നേറിയ യാത്രയിൽ യാതൊരു പ്രതിസന്ധിയും ഉണ്ടാകാതെ ജനങ്ങളാകെ ഒപ്പം നിൽക്കുകയായിരുന്നു. ജില്ലകളിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് ഈ യാത്രയിലൂടെ എത്തിച്ചേരാൻ ആയത്. സമരത്തെ പിന്തുണയ്ക്കുന്നവരുടെ പ്രാദേശികതല സമരസഹായ സമിതികളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുന്നത്. ഇതിലൂടെ കൂടുതൽ പ്രദേശങ്ങളിലേക്ക് സമരത്തിന്റെ ന്യായയുക്തതയും ആവേശവും നേരിട്ട് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ പറഞ്ഞു.
ഏപ്രിൽ 3ന് ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പാകെ ഇന്ന് സംഘടന ആശാവർക്കർമാർ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും അറിയിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, സംസ്ഥാന നേതാക്കളായ കെ പി റോസമ്മ, ബിനി സുദർശൻ എന്നിവരാണ് കമ്മിറ്റിക്കു മുമ്പാകെ എത്തിയത്. കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സമരം നിർത്തിവയ്ക്കണമെന്ന് കമ്മിറ്റി അധ്യക്ഷ ഹരിത വി കുമാർ ഐഎഎസ് അഭ്യർത്ഥിച്ചതായി എം എ ബിന്ദു പറഞ്ഞു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
വി.കെ സദാനന്ദൻ (സംസ്ഥാന പ്രസിഡന്റ്)
എം.എ ബിന്ദു (ജനറൽ സെക്രട്ടറി)
എസ് മിനി (സംസ്ഥാന വൈസ് പ്രസിഡന്റ്)
കെ.പി റോസമ്മ (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്)
ബിനി സുദർശൻ (കൊല്ലം ജില്ലാ പ്രസിഡന്റ്)
