ആശമാരുടെ ചരിത്ര സമരം 200-ാം ദിവസത്തിലേക്ക്, ആഗസ്റ്റ്‌ 27ന് 200-ാം ദിവസം1 min read

തിരുവനന്തപുരം : ആശാവർക്കർമാർ ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം  ആഗസ്റ്റ് 27 ന് 200-ാം ദിവസത്തിലെത്തും. ഓണറേറിയം വർദ്ധിപ്പിക്കുക വിരമിക്കൽ അനുകൂലം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച സമരമാണ് കേരളത്തിൽ പുതിയ ചരിത്രമെഴുതി മുന്നേറുന്നത്.

വിവിധ സമരഘട്ടങ്ങളും നിരവധി സമരമുറകളും കണ്ട ആശാ സമരം സ്ത്രീ തൊഴിലാളി സമരം എന്ന നിലയിൽ ലോക ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയിലെ മുഴുവൻ ആശാവർക്കർമാരുടെയും സമീപരാജ്യങ്ങളിലെ ഉൾപ്പെടെ അടിസ്ഥാന ആരോഗ്യ പ്രവർത്തകരുടെയും തൊഴിലും വരുമാനവും ആനുകൂല്യങ്ങളും സംബന്ധിച്ച് വലിയ ചർച്ച ഉയർത്തിയാണ് സംസ്ഥാനത്ത് ആരംഭിച്ച സമരം ചരിത്രത്തിൽ ഇടം നേടുന്നത്.

സമരം പൊളിക്കാനുള്ള സർക്കാരിന്റെയും സർക്കാർ അനുകൂല സംഘടനകളുടെയും പതിവ് നടപടികളെ നേരിട്ടാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ജനുവരി 25ന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സൂചന സമരത്തിൽ സംസ്ഥാനത്തിന്റെ വാർഷിക ബജറ്റിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ രാപകൽ സമരത്തിലേക്ക് കടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അശാവർക്കർമാരെ വാക്കുകൊണ്ട് പോലും പരിഗണിക്കാതിരുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് സമരം തുടങ്ങിയത്.

ആദ്യദിവസം മുതൽ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ട ആശാവർക്കർമാർ പക്ഷേ പിന്മാറുന്നതിനു പകരം കൂടുതൽ ശക്തമായി മുന്നോട്ടുവന്നു. വിവിധ രാഷ്ട്രീയകക്ഷികളുടെ ട്രേഡ് യൂണിയനുകളിൽ അംഗമായിരുന്ന ആശമാർ പോലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന അസോസിയേഷന് ഒപ്പം സമരരംഗത്ത് അണിനിരന്നു. ഇങ്ങനെ രാഷ്ട്രീയ കക്ഷികളുടെ സ്ഥാപിത താല്പര്യ സമരങ്ങൾക്ക് ഉപരിയായി സ്ത്രീ തൊഴിലാളികളുടെ ഐതിഹാസികമായ സമരം ഉയർന്നുവന്നു.

താങ്ങാനാകാത്ത ജോലിഭാരവും ലജ്ജാകരമാംവിധം താഴ്ന്ന കൂലിയും വാങ്ങുന്ന ആശമാരോട് പൊതുസമൂഹവും ഐക്യപ്പെട്ടു. പ്രതിപക്ഷ നേതാവും കേന്ദ്ര സഹമന്ത്രിയും മുതൽ സാധാരണക്കാരായ തൊഴിലാളികളും വീട്ടമ്മമാരും വരെ ദിനംപ്രതി സമരപന്തലിലേക്ക് അഭിവാദ്യമർപ്പിച്ച് ഒഴുകിയെത്തി. തേയിലയും പഞ്ചസാരയും അരിയും വസ്ത്രങ്ങളും പണവുമൊക്കെയായി സംഭാവനകൾ നൽകിയും ജനങ്ങൾ സമരത്തിന് നൽകിയ പിന്തുണ ഇന്നും തുടരുന്നു.

റോഡ് വക്കിൽ സമരം ആരംഭിച്ച ആശമാർ മഴ വന്നപ്പോൾ തലയ്ക്കു മുകളിൽ പിടിച്ച ടാർപോളിൻ മാറ്റാൻ പോലീസ് തലപ്പത്തു നിന്ന് നൽകിയ നിർദ്ദേശം മുതൽ സമരക്കാരെ ബുദ്ധിമുട്ടിക്കാൻ എല്ലാവിധ ശ്രമങ്ങളും നടന്നു. എന്നാൽ മഴ നനഞ്ഞും കുട പിടിച്ചും പെൺ പോരാളികൾ സമരം തുടർന്നു. മഴ നനയുന്ന ആശ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് കുടയുമായെത്തിയ കേന്ദ്രമന്ത്രിയുടെ പ്രവൃത്തിയെപ്പറ്റി അശ്ലീല ചുവയോടെ സർക്കാർ അനുകൂലികൾ പ്രചരിപ്പിച്ചപ്പോൾ സമൂഹ മനസ്സാക്ഷി അവരെ ഒറ്റപ്പെടുത്തുന്നത് കേരളം കണ്ടു.

അനാവശ്യ സമരം എന്നും പാട്ട കുലുക്കുകളുടെ സമരം എന്നും തുടങ്ങി ആക്ഷേപങ്ങളും പരിഹാസങ്ങളും അധിക്ഷേപങ്ങളും ആയി ഭരണാനുകൂലികൾ നേരിട്ട ആശാസമരം ഇരുന്നൂറാം ദിവസത്തിലേക്ക് എത്തുമ്പോൾ കരുത്താകുന്നത് ജനപിന്തുണ മാത്രമല്ല നേടിയെടുത്ത അവകാശങ്ങളുടെ അഭിമാനവുമാണ്.

ആരോഗ്യ മേഖലയെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പോലീസും തുടങ്ങി ഏതൊരാളും ഏൽപ്പിക്കുന്ന ജോലികൾ അനുസരണയോടെ ചെയ്തുതീർക്കണം എന്ന അലിഖിത നിയമം തകർത്ത് സ്വന്തം ജോലി തിരിച്ചറിയാനും അത് കൃത്യമായി ചെയ്യാനും സമര മുഖത്ത് നിന്ന് ആശമാർ പഠിച്ചു. സന്നദ്ധ സേവകർ എന്ന പറഞ്ഞ് 2008 ൽ പ്രവർത്തനം ആരംഭിച്ചതിനു ശേഷം തുച്ഛം കൂലി നൽകിയും നൽകാതെയും ഏൽപ്പിച്ചിരുന്ന ജോലികളിൽ തങ്ങളുടെ ഉത്തരവാദിത്വത്തിൽ അല്ലാത്തത് ചെയ്യില്ല എന്ന് ആശമാർ ഉറപ്പിച്ചു പറഞ്ഞു. എത്ര വലിയ തൊഴിൽ ചൂഷണമാണ് നടന്നിരുന്നത് എന്ന് ആശമാരും ചുറ്റുമുള്ളവരും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്തു തുടങ്ങി.

യാതൊരു ആനുകൂല്യവും ഇല്ലാതെ 62 വയസ്സ് പൂർത്തിയായവർ പിരിഞ്ഞു പോകണം എന്ന സർക്കാർ ഉത്തരവ് പിൻവലിപ്പിക്കുക, അനാവശ്യ ജോലികളിൽ നിന്ന് ഒഴിവാക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായും പിൻവലിപ്പിക്കുക, ഓണറേറിയം എന്നെങ്കിലും ലഭിക്കുക എന്ന പതിവ് രീതി വിട്ട് മാസാമാസം കൃത്യമായി ലഭിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ നേടിയാണ് അശവർക്കർമാർ സമരം തുടരുന്നത്.

കേരളത്തിൽ നടന്ന സമരത്തിൻറെ ഫലമായി പാർലമെൻ്റിൽ ആശമാരെപ്പറ്റി സുദീർഘമായ ചർച്ചയ്ക്ക് വഴിയൊരുങ്ങിയതും കേന്ദ്രസർക്കാർ രാജ്യമാകെയുള്ള ആശമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതും സമരത്തിൻറെ വലിയ വിജയമായി. ഒപ്പം വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടു. മുൻപ് പ്രഖ്യാപിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന് ആശമാരും സംഘടനകളും അറിഞ്ഞതും സമീപകാലത്താണ്. സമരത്തെത്തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി ആശമാരുടെ ആവശ്യങ്ങൾ സംബന്ധിച്ച് പഠനം നടത്തുകയാണ് എന്നും റിപ്പോർട്ട് ഉടൻ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമിതിക്ക് മുമ്പാകെ എല്ലാ ട്രേഡ് യൂണിയനുകളും ഓണറേറിയം വർദ്ധിപ്പിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചത് ഈ സമരം ഉയർത്തിയ ആവശ്യങ്ങളുടെ ന്യായയുക്തത വെളിവാക്കുന്നതായിരുന്നു.

നിരവധി ആവശ്യങ്ങൾ നേടിയെടുത്ത് അഭിമാനത്തോടെയാണ് ഐതിഹാസികമായ ആശാ സമരം ഇരുന്നൂറാം ദിവസത്തിലേക്ക് എത്തുന്നത്. എത്ര ദിവസങ്ങൾ പിന്നിട്ടാലും എത്രയാതനകൾ സഹിക്കേണ്ടി വന്നാലും ഓണറേറിയ വർദ്ധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *