തിരുവനന്തപുരം :വേതന വർദ്ധനവും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ടുകൊണ്ട് കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സമരം ആരംഭിച്ചിട്ട് ‘ 6 മാസം തികഞ്ഞിരിക്കുകയാണ്. അതിഭീമമായ വിലക്കയറ്റത്തിൻ്റെയും ചാർജ്ജ് വർദ്ധനവുകളുടെയും ഈ സാഹചര്യത്തിൽ 232 രൂപ എന്ന തുഛമായ തുകകൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തിൽ ആണ് ആശാവർക്കർമാർ സമരം ആരംഭിച്ചത്. ആശമാർ ഉയർത്തിയ ഡിമാൻ്റ് ഏറ്റവും ന്യായയുക്തമാണെന്ന് കക്ഷിഭേദമന്യേ കേരളമൊന്നടങ്കം അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളത്തിലെ പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കവും പ്രമുഖവ്യക്തികളും സാമൂഹ്യസാംസ്കാരിക നേതാക്കൻമാരും മത സാമുദായിക നേതാക്കൻമാരും സാധാരണ ജനങ്ങളും അടക്കം ജീവിതത്തിൻ്റെ നാനാതുറയിൽപ്പെട്ടവർ എല്ലാവരും ഈ സമരം ഏറ്റവും ന്യായയുക്തമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടിട്ടും LDF സർക്കാർ അതിനു തയ്യാറാകാതെ കടും പിടിത്തത്തിലാണ്. ഇതിനോടകം മുടി മുറിക്കൽ സമരം, നിരാഹാര സമരം, 45 ദിവസം നീണ്ടു നിന്ന രാപകൽ സമരയത്ര തുടങ്ങി പല ഘട്ടങ്ങൾ താണ്ടി സമരം മുന്നോട്ടു പോകുകയാണ്. പ്രബുദ്ധമായ കേരള മനസ്സാക്ഷിയുടെ നിർലോഭമായ പിന്തുണ കൊണ്ട് മാത്രമാണ് സമരം ഇത്ര ദിവസം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിഞ്ഞത്. സമര പന്തലിൽ എത്തിച്ചേർന്ന കേന്ദ്രമന്ത്രിമാരും MP മാരും ഇൻസൻ്റീവ് വർദ്ധിപ്പിക്കുവാൻ പാർലമെൻ്റിൽ ശക്തമായി ആവശ്യപ്പെട്ടു. അതിൻ്റെയടിസ്ഥാനത്തിൻ കേന്ദ്ര ഗവൺമെൻ്റ് ഇൻസൻ്റീവ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. കേന്ദ്രം വർദ്ധിപ്പിച്ചാൽ കേരളവും വർദ്ധിപ്പിക്കും എന്ന് മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരും പൊതു മദ്ധ്യത്തിൽ ആവർത്തിച്ചു പറഞ്ഞ കാര്യമാണ്. ഇൻസൻ്റീവ് വർദ്ധനവിൻ്റെ തീരുമാനം പാർലമെൻ്റിലടക്കം അവതരിപ്പിച്ച് NHM ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടും അത് കള്ളമാണ് എന്ന് പ്രചരിപ്പിച്ച് തടി തപ്പാനാണ് സർക്കാർ ശ്രമിക്കുന്നത്. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയും ഓണറേറിയം വർദ്ധനവും ഉടൻ പ്രഖ്യാപിച്ച് സമരം ജനാധിപത്യപരമായ രീതിയിൽ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നതാണ് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാർ ചെയ്യേണ്ടത്. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അടിയുറച്ച് സമരത്തിൽ നിൽക്കുകയാണ് ആശാവർക്കർമാർ. സമരത്തിൻ്റെ അടുത്ത ഘട്ടമെന്ന നിലയിയിൽ സംസ്ഥാനമെമ്പാടും പഞ്ചായത്തുകളിൽ 1000 പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് വരികയാണ്. കേന്ദ്രഗവൺമെൻ്റ് പ്രഖ്യാപിച്ച ഇൻസൻറ്റീവ് വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 20 ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് എൻ.എച്ച്.എം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കുകയാണ്. താഴെപ്പറയുന്ന പ്രധാന ഡിമാൻ്റുകൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഡിമാൻ്റുകൾ
1) ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക
2)ഇൻസൻ്റീവ് വർദ്ധനവ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ഉടനടി നടപ്പിലാക്കുക
3) വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക
4) ഉത്സവ ബത്ത 10000 രൂപ നൽകുക
5) ഇൻസൻ്റീവിൽ മാനദണ്ഡം ഉൾപ്പെടുത്തി ഓണറേറിയം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക .പിടിച്ചു വച്ച തുക ഉടനടി വിതരണം ചെയ്യുക.
6 ) ഫെബ്രുവരി മാസത്തെ തടഞ്ഞു വച്ച വേതനം ഉടൻ നൽകുക
7) 10 വർഷം പൂർത്തീകരിച്ച് വിരമിച്ച എല്ലാ ആശമാർക്കും അർഹതപ്പെട്ട വിരമിക്കൽ ആനുകൂല്യമായ 20,000 രൂപ നൽകുക
8) 2018 മുതൽ അപകട മരണം, സ്ഥിരം അംഗവൈകലും എന്നിവക്ക് 2 ലക്ഷം രൂപയുടെയും ഭാഗികമായ അംഗവൈകല്യത്തിന് 1 ലക്ഷം രൂപയുടെയും ധന സഹായം ഉടനടി നൽകുക
9) ആശമാർക്കും കുടുംബാംഗങ്ങൾക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ സ്കീമിൽ (AB – PMJAY) ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുക
എം.എ ബിന്ദു,ട. മിനി,KP റോസമ്മ തുടങ്ങിയവർ പങ്കെടുത്തു.