അവകാശ പോരാട്ടം നടത്തിയ ആശമാരോട് പ്രതികാരം ചെയ്യുന്ന സർക്കാരിനെതിരെ വിധിയെഴുതുക : ആറന്മുള മണ്ഡലത്തിൽ പ്രചാരണം നടത്തി ആശാ സമര നേതാക്കൾ1 min read

പത്തനംതിട്ട :അടിസ്ഥാന തൊഴിലവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് 266 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ നീണ്ടുനിന്ന രാപകൽസമരം നടത്തിയ ആശാ വർക്കർമാരോട് ഇപ്പോഴും പ്രതികാര നടപടികൾ തുടരുന്ന എൽഡിഎഫ് സർക്കാരിനെതിരെ ഈ തെരഞ്ഞെടുപ്പിൽ വിധിയെഴുതണമെന്ന് അഭ്യർത്ഥിച്ച് ആശസമര നേതാക്കൾ നഗരത്തിൽ പ്രചാരണം നടത്തി. സമരത്തിന് നേതൃത്വം നൽകിയ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, വൈസ് പ്രസിഡൻ്റ് എസ് മിനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോസി എം , ഗിരിജ ആർ, മണികുമാരി, സുലേഖ തുടങ്ങിയവരാണ് എത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത മിനിമം വേതനം (പ്രതിദിനം 700 രൂപ) നൽകുക, വിരമിക്കൻ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ തികച്ചും ന്യായമായ അടിസ്ഥാന ആവശ്യങ്ങൾ ഉന്ന യിച്ചുകൊണ്ട് നടത്തിയ സമരത്തെ തികച്ചും ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവും സ്ത്രീവിരുദ്ധവുമായാണ് നേരിട്ടത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇതര നേതാക്കളു മെല്ലാം പലവിധത്തിൽ സമരത്തെ പുച്ഛിച്ചുതള്ളി, ആക്ഷേപിച്ചു. തൊഴിലാളികളുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്നവർ സ്ത്രീ തൊഴിലാളികളെ അപമാനിച്ചു. പാർട്ടി നേതാക്കൻമാർക്ക് സ്ത്രീകളെ അപമാനിക്കാനുള്ള അവസരങ്ങൾ സർക്കാർ തുറന്നിട്ടു. ഗത്യന്തരമില്ലാതെ സർക്കർ രണ്ടു തവണയായി 1000 രൂപ വീതം ഓണറേറിയം വർദ്ധിച്ചു എങ്കിലും വിരമിക്കൽ ആനുകൂല്യത്തെ സംബന്ധിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായി പിൻവലിക്കണം എന്ന ദീർഘനാളായുള്ള ആവശ്യം അംഗീകരിച്ച സർക്കാർ നിയമവിരുദ്ധമായി ഇൻസന്റീവിലൂടെ ഓണറേറിയം പകുതിയായി വെട്ടിക്കുറക്കുന്ന ഉപാധി വഞ്ചനാപരമായി നടപ്പാക്കുകയാണ് ചെയ്തത്. ഈ നീച നടപടി പിൻവലിക്കണമെന്ന് 2025 മാർച്ച് മുതൽ നിരന്തരം മന്ത്രിയോടും എൻഎച്ച്എം നോടും ആവശ്യപ്പെടുകയാണ്. ഏപ്രിൽ 3 ന് നടന്ന അവസാന ചർച്ചയിൽ മന്ത്രി അംഗീകരിച്ചതുമാണിത്. എന്നാൽ വർഷം ഒന്നു കഴിഞ്ഞിട്ടും ആ ഉപാധി പിൻവലിച്ച് ഒപ്പുവയ്ക്കുവാൻ ആരോഗ്യ മന്ത്രി തയ്യാറായിട്ടില്ല. ജനസംഖ്യ കുറവുള്ള സ്ഥലങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ ഇത് മൂലം നിരവധി ആശമാർക്ക് പകുതി വേതനമാണ് (പ്രതിമാസം 4000 മാത്രം) ലഭിക്കുന്നത്. സമരത്തെ തുടർന്ന് ആശമാരുടെ ജോലി സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും മറ്റ് സ്റ്റാഫുകളുടെ കുറവുമൂലം ആശുപത്രി ഡ്യൂട്ടിയടക്കം ചെയ്യുവാൻ ആശമാർ നിർബന്ധിതരാകുന്നു. വേതനം കുടിശ്ശികയാകുന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. 9 മാസം നീണ്ടുനിന്ന ത്യാഗ പൂർണ്ണമായ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പോലും നടപ്പാക്കാൻ തയ്യാറാകാത്ത ഈ സർക്കാർ അങ്ങേയറ്റം തൊഴിലാളിവിരുദ്ധമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ആശമാർ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിലാളികൾക്കും വേണ്ടിയാണ് തങ്ങൾ ഈ പ്രചരണം നടത്തുന്നത് എന്ന് എം എ ബിന്ദു പറഞ്ഞു.

ആരോഗ്യരംഗം നേരിട്ടു കൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളിൻമേൽ ഒരു നടപടിയും കൈക്കൊള്ളാതെ അതിന്റെ ഉത്തരവാദിത്വം മുഴുവൻ ആരോഗ്യ പ്രവർത്തകർക്കു മേൽ കെട്ടിവെക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
തൊഴിലാളികളുടെ ദുരിതങ്ങളും പ്രയാസങ്ങളും കാണാൻ കഴിയാത്ത തൊഴിലാളികളെയും തൊഴിലാളി സമരങ്ങളെയും അവജ്ഞയോടെ കാണുന്ന ഈ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണം കൊണ്ട് വളർന്ന് വികസിച്ചത് അധികാര പ്രമത്തതയും അഹന്തയും സ്വജനപക്ഷപാതവുമാണ്. ഇതിനിയും സംസ്ഥാനത്തെ പണിയെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല. അതിനാൽ ഒരു സ്ത്രീതൊഴിലാളി പ്രസ്ഥാനമെന്ന നിലയിൽ ഞങ്ങൾ നേരിട്ട തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നും ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയും, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും തെരെഞ്ഞെടുക്കപ്പെടാൻ എൽഡിഎഫിന് അർഹതയില്ല എന്ന തങ്ങളുടെ നിലപാടും സമര ചിത്രങ്ങളും അടങ്ങിയ നോട്ടീസ് നൽകിയാണ് ആശാ സമര നേതാക്കൾ വോട്ടർമാരെ സമീപിച്ചത്.