തിരുവനന്തപുരം : ആശ വർക്കർമാരുടെ സമരം ഉപതെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചതായി നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കലെ ആശാസമര വേദിയിൽ അഭിവാദ്യം അർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സമയ പരിധിയില്ലാതെ ജോലി ചെയ്യുന്ന ആശമാർ ഉന്നയിക്കുന്നത് അല്പമെങ്കിലും മനുഷ്യത്വമുള്ള ഏതൊരാളും പരിഗണിക്കേണ്ട ആവശ്യങ്ങളാണ്. താൻ പഞ്ചായത്ത് പ്രസിഡണ്ടും മുനിസിപ്പൽ ചെയർമാനും ആയിരുന്ന കാലത്ത് തൻ്റെ എല്ലാ കർമ്മപദ്ധതികളിലും പ്രവർത്തിച്ചിരുന്നവരാണ് ആശമാർ. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികളെക്കാൾ കുറഞ്ഞ വേതനമാണ് ആശമാർക്ക് ലഭിക്കുന്നത്. ജനപ്രതിനിധി എന്ന നിലയിൽ സഭയ്ക്കകത്ത് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ആശമാർക്ക് വേണ്ടി ചെയ്യും എന്നും അദ്ദേഹം സമരവേദിയിൽ ഉറപ്പുനൽകി. നിലമ്പൂരിലെ ജനങ്ങൾ തനിക്ക് നൽകിയ വോട്ടിന് പിന്നിൽ ഈ സമരത്തിൻ്റെ സ്വാധീനം ഉണ്ട് അതിനാൽ തന്റെ ബാധ്യതയാണ് ഈ ഇടപെടൽ എന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തതിൻ്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹം ആശമാരെ കാണാൻ എത്തിയത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനിയെ എംഎൽഎ ഷാൾ അണിയിച്ചു.
ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് മുമ്പ് പ്രചാരണം നടത്തിയിരുന്നു. ഇതിന് നേതൃത്വം നൽകിയ സമര നേതാവ് എസ് മിനി, സ്ഥാനാർത്ഥിയായിരുന്ന ആര്യാടൻ ഷൗക്കത്തിനൊപ്പം എന്ന തരത്തിൽ മറ്റൊരു സ്ത്രീക്കൊപ്പമുള്ള ചിത്രം ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ സമരവേദി സന്ദർശിക്കാൻ എത്തിയപ്പോൾ ആദ്യമായി നേരിൽ കണ്ട അദ്ദേഹത്തോട് എസ്.മിനി താനാണ് നിലമ്പൂരിൽ എത്തിയത് എന്ന് സ്വയം പരിചയപ്പെടുത്തിയത് ശ്രദ്ധേയമായി.
