പ്രശസ്ത അഭിഭാഷകൻ, സമുന്നത സമുദായ നേതാവ്, ഉൽപതിഷ്ണുവായ സാമൂഹ്യ പരിഷ്കർത്താവ്, സാംസ്കാരിക പ്രവർത്തനനിരതൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന മള്ളൂർ കെ.ഗോവിന്ദപ്പിള്ള 1878 മേടം 10 ന് ജനിച്ചു.കോട്ടയത്തു കോടിമതിയിൽ മള്ളൂർ കൊച്ചു പാർവ്വതിയമ്മ മാതാവും നെടുമങ്ങാട്ടു വീട്ടിൽ നീലകണ്ഠപ്പിള്ള പിതാവുമായിരുന്നു. കോട്ടയം സി.എം.എസ്.കോളോജിൽ നിന്ന് എഫ്.എ. പാസ്സായി. ഈ കാലത്ത് കവിതാ രചനയും വർത്തമാനപ്പത്രങ്ങളിൽ ലേഖനമെഴുത്തും ഉണ്ടായിരുന്നു.നസ്രാണി ദീപികയിലും മലയാളിയിലും “ഇന്ദ്രജിത്ത് ” എന്ന പേരിലും മറ്റും വളരെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.ബി.എ.യ്ക്ക് തിരുവനന്തപുരം മഹാരാജാസ് കോളേജിലാണ് ചേർന്നത്.
തിരുവനന്തപുരത്ത് എത്തിയ ആദ്യ വർഷം തന്നെ തിരുവിതാംകൂർ വിദ്യാഭിവർദ്ധിനി സഭ സ്ഥാപിച്ചു.25 കൊല്ലം മള്ളൂർ തന്നെയായിരുന്നു അതിൻ്റെ കാര്യദർശി.ബി.എ.യ്ക്കു മലയാളത്തിന് ഒന്നാം റാങ്ക് കിട്ടി. അദ്ധ്യാപകനായി കുറേ നാൾ ജോലി നോക്കി.തിരുവനന്തപുരം ഡിവിഷൻ കച്ചേരിയിൽ ഒരു ക്ലാർക്കായി.1903-ൽ ബി.എൽ.പാസ്സായി.തിരുവനന്തപുരത്തു തന്നെ വക്കീലായി പ്രാക്ടീസാരംഭിച്ചു. അഭിഭാഷകൻ എന്ന നിലയ്ക്ക് മള്ളൂരിനു ലഭിച്ച പേരും പെരുമയും അസൂയാവഹമായിരുന്നു. 1905-ൽ വിവാഹിതനായി എറണാകുളത്ത് അപ്പാപറമ്പത്തുവീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മയുടെയും അവിടെ ഹജൂരിൽ ക്ലാർക്കായിരുന്ന തൃശ്ശൂർ ഇട്ടിയേം പുറത്തു വീട്ടിൽ വേലു മേനോൻ്റെ പുത്രി പാറുക്കുട്ടിയമ്മയായിരുന്നു വധു. ഡോക്ടർ ബക്കിംഗാം കൊലക്കേസ് നടത്തിയതോടു കൂടിയാണ് തിരുവിതാംകൂറിലെ നോർട്ടൻ എന്ന പേർ മള്ളൂരിനു ലഭിച്ചത്. മള്ളൂർ പ്രശസ്തിയിലേക്കുയർന്നപ്പോൾ തിരുവിതാംകൂർ ഗവൺമെൻറ് പ്രമാദമായ പല ക്രിമിനൽ കേസ്സുകളും വാദിക്കുന്നതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തി.1909-ലെ ചാല ലഹളകേസ്,, “ഭജേ ഭാരതം ”സെഡിഷൻ കേസ്,എന്നിവ പ്രസിദ്ധങ്ങളാണ്. മള്ളൂർ ഗോവിന്ദപ്പിള്ളയെ വിജയത്തിൻ്റെ ഉച്ചകോടിയിൽ എത്തിച്ചത് സി.കേശവൻ്റെ രാജദ്രോഹകേസാണ്,ഇ.ജോൺ പീലിപോസും ആനി മസ്ക്കറീനും തമ്മിൽ നടന്ന നാലര ലക്ഷകേസ്, തൃശൂർ സ്വദേശിയായ ദാമോദരൻ്റെ അഞ്ചര ലക്ഷം കേസ്, പ്രത്യേകം പ്രസ്താവ്യങ്ങളാണ് .തിരുവനന്തപുരം താലൂക്കിനേയും നഗരത്തേയും പ്രതിനിധികരിച്ച് പല പ്രാവശ്യം മള്ളൂർ ഗോവിന്ദപ്പിള്ള ശ്രീ മൂലം പ്രജാ സഭയിൽ അംഗമായിരുന്നിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിലും പിന്നീട് തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിലും സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.നിയമ വകുപ്പിൻ്റെ ഡീൻ, മലയാള വകുപ്പിൻ്റെ ഡീൻ എന്നുള്ള സ്ഥാനങ്ങൾ അദ്ദേഹം ദീർഘകാലം അലങ്കരിച്ചിരുന്നു.നായർ സമുദായ നേതാവെന്ന നിലയിൽ മള്ളൂരിനുണ്ടായിരുന്ന സ്ഥാനവും വിസ്മരിക്കത്തക്കതല്ല. ആദ്യകാലഘട്ടങ്ങളിൽ കേരളീയ നായർസമാജം ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രവൃത്തി മണ്ഡലം .1969 ജൂൺ 20-ാം തീയതി 91 -ാം മത്തെ വയസ്സിൽ മള്ളൂർ ഗോവിന്ദപ്പിള്ള അന്തരിച്ചു.
