ആദിത്യ എല്‍ 1:കൗണ്ട് ഡൗണ്‍ തുടങ്ങി, വിക്ഷേപണം നാളെ1 min read

1/9/23

ശ്രീഹരിക്കോട്ട :രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. നാളെ രാവിലെ 11.50 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പിഎസ്‌എല്‍വി സി-57 റോക്കറ്റ് കുതിച്ചുയരുക.

ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12.10 നാണ് 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിയത്. വിക്ഷേപണം തത്സമയം കാണാന്‍ ഐഎസ്‌ആര്‍ഒ വെബ്സൈറ്റ് ആയ https://isro.gov.in ല്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്‌ആര്‍ഒ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.വിക്ഷേപണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്‌എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്.നാളെ പിഎസ്‌എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിത്യ എല്‍1 ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് എത്തുക.ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്ന് പേടകം സൂര്യനെ പഠിക്കുക.പേടകത്തിന് ഈ മേഖലയില്‍ എത്തിച്ചേരണമെങ്കില്‍ 3 മാസം സഞ്ചരിക്കണം.സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കുക എന്നതാണ് ലക്ഷ്യം.

ആദിത്യയില്‍ ഇതിനായി ഏഴു പേലോഡുകള്‍ ഉണ്ട്.സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.

Leave a Reply