ബിജെപി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി; കേരളത്തില്‍ ന്യൂനപക്ഷ അവകാശങ്ങളിലും വിവേചനം: അഡ്വ. എസ്. സുരേഷ്1 min read

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന ഒരിടത്തും ന്യൂനപക്ഷ സമുദായങ്ങളോടുള്ള വിവേചനമില്ലെന്നും കഴിഞ്ഞ 12 വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിലോ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം ഉണ്ടായിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ന്യൂനപക്ഷ അവകാശങ്ങളില്‍ പോലും വിവേചനം നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ന്യൂനപക്ഷ സംവരണത്തില്‍ 80:20 എന്ന വിവേചനം നിലനില്‍ക്കുകയാണ്. ബിജെപി ഭരിക്കുന്ന ഒരിടത്തും അത്തരം വിവേചനം നിലനില്‍ക്കുന്നില്ല. മതങ്ങളെയും വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. മതത്തെ ബഹുമാനിക്കുകയും വിശ്വാസങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ രാജ്യത്തെ എല്ലാവരെയും ഒന്നുപോലെ കാണുന്നു. ആരോടും പ്രീണനമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും സുരേഷ് പറഞ്ഞു.
മുനമ്പം വിഷയം വന്നപ്പോഴും മതപരമായിട്ടുള്ള വിവേചനം നമ്മള്‍ കണ്ടതാണ്. പാലാ ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായപ്പോള്‍ ബിഷപ്പിനെ സംരക്ഷിക്കാന്‍ “മതേതരത്വം” പറയുന്ന കോണ്‍ഗ്രസിനെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ കണ്ടില്ല. എസ്ഡിപിഐയുടെ താത്പര്യത്തിനനുസരിച്ച് പാല ബിഷപ്പിനെ ഒറ്റുകൊടുക്കാനാണ് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഒരുമിച്ച് പരിശ്രമിച്ചത്. ആത്മീയ നേതാക്കളെയും പുരോഹിതന്മാരെയും ആദരിക്കുക എന്നത് ബിജെപിയുടെ സംസ്‌കാരമാണ്. എന്നാല്‍ ഏതെങ്കിലും മത വിഭാഗത്തെയോ സമുദായത്തെയോ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനെ ബിജെപി എതിര്‍ക്കുമെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.
ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ബിജെപിയില്‍ അംഗങ്ങളായിട്ടുണ്ട്. ബിജെപി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മതത്തെയും വിശ്വാസത്തെയും ഏതെങ്കിലും പാര്‍ട്ടിയുടെ താത്പര്യത്തിനുവേണ്ടി കൊണ്ടുകെട്ടാന്‍ശ്രമിച്ചാല്‍ മറ്റെല്ലാവര്‍ക്കും ഉള്ളതുപോലെ അതിനെ വിമര്‍ശിക്കാനുള്ള അവകാശം ബിജെപിക്കും ഉണ്ട്.
കോണ്‍ഗ്രസും ഒരു മതത്തിന്റെ പേരില്‍ അറിയുന്ന ഒരു മാധ്യമവും നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കും എതിരെയാണ് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. അദ്ദേഹം ബിജെപിക്കുള്ളിലെ ക്രിസ്ത്യന്‍ നേതാക്കളോടൊപ്പം ചേര്‍ന്ന് സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. രാഷ്ട്രീയ താത്പര്യത്തിനുവേണ്ടി ഷോണിന്റെ മതത്തിനെതിരെ ദുഷ്പ്രചാരണം നടത്തുന്ന മാധ്യമത്തിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പൂഞ്ഞാറിലെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് പി.സി. ജോര്‍ജ് പ്രസ്താവന നടത്തിയത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ അംഗങ്ങളായ പാര്‍ട്ടി ബിജെപിയാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയാണ്. സഭാ മേലധ്യക്ഷന്മാരുമായും സാധാരണക്കാരായ ക്രൈസ്തവരുമായും പാര്‍ട്ടിക്ക് നല്ല ബന്ധമാണുള്ളത്. ക്രൈസ്തവരുടെ അട്ടിപ്പേറവകാശം സ്ഥാപിക്കാന്‍ കോണ്‍ഗ്രസോ കേരള കോണ്‍ഗ്രസോ വരണ്ട. കേരളത്തില്‍ ബിജെപിയുടെ വോട്ട് വര്‍ദ്ധനവിന് പിന്നില്‍ ക്രൈസ്തവ വിശ്വാസികളുടെ വലിയ പിന്തുണയുണ്ട്.
മധ്യപ്രദേശിലെ പെണ്‍കുട്ടിയുടെ വിവാഹം സംബന്ധിച്ച് എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി, എ.എ. റഹീം എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും എസ്‌സി/എസ്ടി നിയമപ്രകാരവും കേസ് എടുക്കണം. 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു വിടുന്നത് നിയമവിരുദ്ധമാണ്. ഈ ഗൂഢോലോചനയില്‍ പങ്കെടുത്ത ഇവരെ ജയിലിലടയ്ക്കണമെന്നും അഡ്വ. സുരേഷ് പറഞ്ഞു.